Saturday, July 02, 2022

മഴ.. മഴ...മനസ്സില്‍ തോരാത്ത മഴ....


ഒന്നാം ദിവസം:
മഴ ഒരനുഭവമാണ്
ആഹ്ളാദമണ്
ആനന്ദമാണ്
ആഘോഷമാണ്
വെള്ളം തെറിപ്പിച്ച്‌
തോര്ത്തു മുണ്ട്‌ ചൂണ്ടയാക്കി
മുറ്റത്ത്‌ കടലാസ്‌ തോണിയിറക്
ചങ്ങാതിയെ വെള്ളത്തില് ഉന്തിയിട്ട്‌
സ്കൂളിൽ പോകാതെ
പുഴയിൽ കുത്തിമറിഞ്ഞ്
ചെളി തെറിപ്പിച്ച് തല നനച്ച്‌..നനച്ച്‌...
രണ്ടാം ദിവസം :
മഴ അസ്വസ്തമാണ്
മഴ ഒഴിയാനുള്ള കാത്തിരിപ്പായി,
കാല് പന്തു കളിക്കാനാകാതെ,
സെവന്റീസ്‌ വിളിക്കാനാകാതെ,
ഗോലി കളിയിൽ ചങ്ങാതിയെ തോല്പ്പിച്ച്‌
കൈ ഞൊട്ടയ്ക്ക്‌ തല്ലാൻ കഴിയാതെ
നനഞ്ഞ്‌..
നനഞ്ഞു..
ഒടുക്കം,
മടുത്തു.
നാവില് പനിയുടെ കയ്പുമായി
വെള്ളത്തില് കളിച്ചതിന്റെ
ശകാരം കേട്ടു കേട്ട്
രാപ്പനിയിയെ പേടിച്ച്‌
കാഞ്ഞിലെ കൊച്ചനെ കിനാവില് കണ്ട്
ഭയപ്പെട്ട മനസ്സുമായി...
അങ്ങനെ..യങ്ങനെ.
മൂന്നാം ദിവസം :
പനിയിൽ കിടുങ്ങി വിറച്ച്
ഗോപി ഡോക്ടറുടെ
ഗുളിക വിഴുങ്ങി
ഒട്ടും ഇഷ്ടമില്ലാത്ത പൊടിയരി
കഞ്ഞി കുടിച്ച്,
നാവിൽ നാരങ്ങ അച്ചാർ തൊട്ട്
പുറത്ത് ഇറങ്ങാനാകാതെ.
മഴ പെയ്യുന്ന രാത്രിയില്
ജാലകത്തിനരുകിലിരുന്ന്
ഭിത്തിയില് കവിളുരുമി
ഓര്മ്മകളുടെ മുറ്റത്തു കൂടി
നടക്കാന് കൊതിയാണ്‌.
തമ്മില് കാണുന്ന ചങ്ങാതിയോട്
ഒന്നു മിണ്ടാന്,
ഒരു പീലി തുണ്ട്‌ കടം ചോദിക്കാന്,
തല്ലു കൊള്ളാതിരിക്കാന് പുസ്തകതാളില്
അവന് ഒളിപ്പിച്ച തളിരില കട്ടെടുക്കാന്,
മനപാഠമാക്കിയ പദ്യം മലയാളം മാഷിനോട്‌
ഈണത്തില് ചെല്ലികേള്പ്പിക്കാന്,
ക്ലാസ്സ്‌ കഴിഞ്ഞ്‌ മടങ്ങുമ്പോള്
ഇഷ്ടക്കാരന് വേണ്ടി കീശയില് കാത്തു വച്ച
തേന് മിഠായി കൊടുക്കാന്
ഉദയന് ചേട്ടന്റെ സൈക്കിളിന്‌
മുന്നിലിരുന്ന് വീട്ടിലേക്ക്‌ പായാന്,
ഉമ്മായുടെ കൈയില് നിന്ന്
മുളക്‌ ചമ്മന്തി ചേര്ത്ത ഒരുള ചോറുണ്ണാന്....
അങ്ങെനെയങ്ങേനെ...
പക്ഷെ...ഇപ്പോഴും പുറത്തു
മഴ പെയ്യതുകൊണ്ടേയിരിക്കുകയാണ്‌.
നനയട്ടെ . ഭൂമിയും മനസ്സും കുളിരും വരെ
പെയ്യട്ടെ... പെയ്യട്ടെങ്ങന പെയ്യട്ടെ..

( കുറിപ്പ്.എന്റെ ഓർമ്മ പുസ്തകത്തിൽ നിന്ന്.. എം. എച്ച്. സഹീർ ).

No comments:

Post a Comment

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 to 2022 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.