Monday, February 01, 2021

പറയാനായിരിക്കുന്നതാണ് കഥ

                                                                                                                                        കഥ

ആമുഖക്കുറിപ്പ്:- 

             പ്രിയപ്പെട്ടവരെ, ഒരു കഥാകൃത്തിന്റെ ഡയറിയില്‍ നിന്ന് നഷ്ടപ്പെട്ടതോ നഷ്ടപ്പെടുത്തിയതോ ആയ ഈ താളുകള്‍ തികച്ചും യാദൃശ്ചിമായിട്ടാണ്‌ എനിക്ക്‌ കിട്ടിയത്‌. ഇതിലെ വരികള്‍ കഥയായിട്ടോ അനുഭവകുറിപ്പായായോ വായിച്ചെടുക്കാം. യുക്തിഭദ്രത കാലത്തിനനുയോജ്യമാണോ എന്ന വിഷമഘട്ടത്തി ലായിരിക്കണം   ഈ താളുകളെ ചീന്തിയെറിയാന്‍ ഒരു പക്ഷെ  കഥാകൃത്ത്‌ തുനിഞ്ഞത്‌. ഇത്തരം ഒരു സാഹചര്യത്തില്‍... എൻ്റെ  പ്രിയപ്പെട്ട വായനക്കാരാ....നിൻ്റെ  മനസ്സില്‍ വായനക്കൊപ്പം വിശാലമായ ഒരു കാന്‍വാസ്‌ കൂടി തീര്‍ക്കേണ്ടി വരുന്നു.

കഥാബീജത്തിലേക്ക്‌:- 

             ഡിസംബറിലെ തണുപ്പ്പ്പുള്ള ഒരു രാത്രി. ക്രീക്കിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്‌   രണ്ടുപേര്‍   എന്തോ   സംസാരിക്കുന്നുണ്ടായിരുന്നു.  അവര്‍ക്കിടയിലെ ഗ്ലാസുകള്‍ നിറഞ്ഞും, കുപ്പി പകുതി കാലിയുമായിരുന്നു.  ദീര്‍ഘസംഭാഷ ണത്തിനൊടുവില്‍ നിശബ്ദതയിൽതൊട്ടു അവർ .

         നേരം ഒരു കിലോമീറ്റര്‍ അപ്പുറത്തെ പതിനെട്ട്‌ നിലകളുള്ള റോയല്‍ ടവറിൻ്റെ  പതിമൂന്നാം നമ്പറിലെ പട്ടുകിടക്കയില്‍ അവള്‍ കിടന്നു. ഉറങ്ങിപ്പോയിരിക്കണം, മണി പന്ത്രണ്ടു കഴിഞ്ഞിരുന്നു.       ആ മുഖത്തിനുനേരെ കുഞ്ഞിൻ്റെ ചിരി. ഉറക്കത്തിലും ഉണര്‍വ്വിലും അവളുടെ മുഖത്തിനു നേരെ ചിരിക്കുവാനാണ്‌ അത്‌, അവിടെ തൂക്കിയിട്ടിട്ടുള്ളത്‌. 

     കാലുകള്‍ കുഴഞ്ഞ്‌,സ്യൂട്ട്കേസ്‌ എറിഞ്ഞ്‌, നെക്ക്‌ ടൈയും ഷൂലേസും അഴിച്ച്‌ അയാള്‍ വീണു, അവള്‍ക്കരുകില്‍. .മസ്തിഷ്ക്കത്തിലെ പിരിമുറുക്കം വിട്ടകന്നപ്പോള്‍ അവളോട്‌ പറയുകയായിരുന്നു, ആ തണുത്ത രാത്രിയില്‍ സുഹൃത്തിനോട്‌ പകര്‍ന്ന വിവരം. മറുപടി ഉള്ളിലെ വെറുപ്പില്‍ ദഹിപ്പിച്ച നോട്ടമായിരുന്നു.           സ്നേഹനിര്‍ബ്ബദ്ധത്തിനൊടുവില്‍ കുഞ്ഞിൻ്റെ ചിരിയുടെ ലാളിത്യത്തിലേക്ക്‌ അവളുടെ പാതിയടഞ്ഞ സമ്മതത്തിന്റെ വാതില്‍പാളി.ഭിത്തിയില്‍ പതിച്ചിരുന്ന കുഞ്ഞിന്റെ ചിരിതൂകിയ ഫോട്ടോയിലേക്ക്‌ അയാള്‍ നിസ്സഹായതയോടെ നോക്കി. ആര്‍ക്ക്‌ മുന്നിലും തുറന്നു പറയാന്‍ കഴിയാത്ത വേവലാതിക്കുള്ളില്‍ അയാളും സുഹൃത്തും കുരുങ്ങി വലിഞ്ഞു. ഒടുവില്‍ മൗനത്തിൻ്റെ സമ്മതത്താല്‍ പിരിഞ്ഞ രാത്രി. അയാള്‍ മനസ്സിനെ യാഥാര്‍ത്ഥ്യത്തിൻ്റെ പകലിലേക്ക്‌ പിഴുതുനട്ടു. സുഹൃത്തു വന്നു. അയാള്‍ ഫ്ലാറ്റിൻ്റെ ബാല്‍ക്കണിയില്‍ നിന്നും താഴെ തിരക്കിലേക്ക്‌ നോക്കി നിന്നു. 

       യാത്രപോലും പറയാതെ സുഹൃത്ത്‌ മടങ്ങി.അയാള്‍ അവളെ ചേര്‍ത്തണച്ചു, സുഹൃത്തിൻ്റെ ചുണ്ടിലെ എരിഞ്ഞണഞ്ഞ സിഗററ്റിൻ്റെ ഗന്ധം അവളുടെ ഉഛ്വാസങ്ങിലൂടെ അയാളറിഞ്ഞു. ആ നിശ്വാസം അയാളില്‍ ആശ്വാസമായും ഹൃദയം തകര്‍ന്ന വേദനയായും നിറഞ്ഞു.അതുമറച്ച്‌, അവളുടെ വിയര്‍പ്പും കണ്ണീരുമൊപ്പി. 

വീണ്ടും. ഡോക്ടര്‍. റിസല്‍ട്ട്‌. സന്തോഷം. 

      അയാള്‍ താരാട്ടു പാട്ടുകള്‍ കാണാതെ പഠിച്ചു. അവള്‍ കുഞ്ഞുടുപ്പുകള്‍ തയ്ച്ചു ആഹ്ലാദം നിറച്ചു. വര്‍ഷാവസാനം, പിറവി അയാള്‍ സുഹൃത്തിനോടൊപ്പം ആഘോഷിക്കുകയായിരുന്നു. സുഹൃത്ത്‌ നിശബ്ദനായിരുന്നില്ല. കണ്ണുകള്‍ നിറഞ്ഞ്‌ ഏങ്ങലോടെ... ഗ്ലാസ്‌ താഴെ വീണു ചിതറി. സുഹൃത്തിൻ്റെ ഭാര്യ ടെസ്റ്റ്‌ റിസല്‍റ്റിലെ ചുവന്ന അക്ഷരങ്ങള്‍ക്ക്‌ മേലെ ഒറ്റപ്പെട്ട്‌ നിന്നു. കുപ്പി വായിലേക്ക്‌ കമഴ്ത്തി മനസ്സിനെ ലഹരിയില്‍ അടക്കി പിടിച്ച്‌ സുഹൃത്ത്‌ ഇപ്പോള്‍ അയാളോട്‌ ചോദിച്ചിരിക്കണം അയാളുടെ മുറിയിലെ ചുവരില്‍ തൂക്കിയിരിക്കുന്ന കുഞ്ഞിൻ്റെ ചിത്രം, അത്‌ ഇനി തൻ്റെ ഉറക്കറയില്‍ ൻ്റെയും, ഭാര്യയുടെ മുഖത്തിനു നേരെ ചിരിക്കുവാനായി.

അനുബന്ധം:- 

                കഥാകൃത്ത്‌ കഥവിട്ട്‌ പോയ കാരണങ്ങളൂടെ ഏകദേശരൂപം വായനക്കാരന് ഇപ്പോൾ‌ നിരൂപിക്കാന്‍ സാധിച്ചിരിക്കും. ഈ കഥ പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുശേഷം  ആ കുട്ടിയുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്ന ഓരോ ചോദ്യങ്ങള്‍ക്കും മറുപടി പറയാൻ കഥാകൃത്ത്‌ ബാധ്യസ്ഥനാണ്‌,  ഈ പൂര്‍ണ്ണത തേടി തന്നെയാവണം അദ്ദേഹം കഥവിട്ട്‌ മാറിനിൽക്കുന്നത്   

വാല്‍കഷ്ണം :- 

           ഒരു കഥാകൃത്തിൻ്റെ ഡയറിയില്‍ നിന്നും ചീന്തിയെറിഞ്ഞ താളുകളാണ്‌ ഇവിടെയാധാരം എന്നു എഴുത്തുകാരന്‍ സാക്ഷ്യയപ്പെടുത്തുന്നു. ഇനിയൊരു പക്ഷെ തൻ്റെ ഡയറിയിലെ കുറിപ്പുകള്‍ തുടര്‍ന്ന് എഴുതുവാന്‍, ഈ മിത്ത്‌ വായനക്കാരൻ്റെ   അഭിപ്രായ ക്രോഡീകരണത്തിന്‌ വിട്ട്‌ മാറി നില്‍ക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു... ഇത്തരമൊരു  സാഹചര്യത്തില്‍  സത്യവിചാരണയ്ക്കായി നമുക്ക്‌ കഥാകൃത്തിനോട്‌ തന്നെ ചോദിച്ചാലോ.... ഇനി ഒരു പക്ഷെ അദ്ദേഹത്തിൻ്റെ ഉത്തരം ഇതാകുമോ ?.....

                         "പറയാനിരിക്കുന്നതാണ്‌ കഥ" 

                                                                                                                        എം.എച്ച്‌.സഹീര്‍.

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 to 2022 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.