Sunday, August 15, 2021

സ്നേഹത്തിന്റെ തൂവലുകള്‍

ഓര്‍മ്മകള്‍ നമ്മെ 
പൊതിഞ്ഞ്‌ പിടിയ്ക്കുമ്പോള്‍
മനസ്സിലേക്ക്‌ വരുന്ന ഓരോ ചിന്തകളും
നമുക്കുള്ളിലെ പൊടിപിടിച്ച്‌ കിടക്കുന്ന
സ്വപ്നങ്ങുടെയോ യാഥാര്‍ത്ഥ്യങ്ങളുടെയോ
നേര്‍ചിത്രങ്ങളാകാം

കാലത്തിന്റെ പഴക്കം 
നമ്മെ തളര്‍ത്തുമ്പോള്‍
ഓര്‍മ്മകളിലെ നേട്ടം 
മാത്രമേ നമുക്ക്‌ ബാക്കിയുണ്ടാകൂ,
ആ ധന്യതയുടെ സ്വരുകൂട്ടലിനായി
സ്നേഹത്തിന്റെ നിലാവ്‌
അരുകിലെ
മനസ്സില്‍ ബാക്കി വച്ചാല്‍ അതാകും
അന്നത്തെ ഏറ്റവും വലിയ സമ്പാദ്യം.

ജീവിതത്തിന്റെ 
തൂവലുകളാണ' ഓരോ നിമിഷവും.
നഷ്ടപ്പെടുത്തുന്ന 
സ്പന്ദനങ്ങള്‍ മടക്കി ലഭിക്കില്ല.
ഒടുവില്‍ തൂവലുകള്‍ 
കൊഴിഞ്ഞ്‌ തളര്‍ന്നിരിക്കുമ്പോള്‍
നഷ്ടപ്പെടുത്തിയ നിമിഷങ്ങള്‍ 
വേദനയായി പിന്തുടരും.

കാലം നമ്മെ കടന്നു 
പൊയ്കൊണ്ടിരിക്കുന്നു,
ഒപ്പം നമ്മളും,
മടങ്ങി വരവില്‍
നമ്മെ കാത്ത്‌ 
ഒന്നു മാത്രമേ ഉണ്ടാകൂ
നാം അറിഞ്ഞ്‌ നല്‍കിയ സ്നേഹം.
-

Monday, August 09, 2021

സ്നേഹം, കൊടുക്കലും വാങ്ങലും

കൊടുക്കലിനും വാങ്ങലിനും ഇടയില്‍
പെട്ട് നട്ടം തിരിയുന്ന അനുഭവമാണ് ജീവിതം..
-പണത്തിന് മേലെ പറക്കുന്ന ഒന്നാണ് സ്നേഹം.
അതിന് വില നിശ്ചയിക്കാന്‍ കഴിയില്ല
സ്നേഹം, കൊടുക്കലും വാങ്ങലും
എന്നത് പ്രപഞ്ച സത്യം. 

സ്നേഹം വാങ്ങല്‍ മാത്രമല്ല.
പകരം മടക്കി നല്‍കുമ്പോള്‍
മാത്രമേ യാഥാര്‍ത്ഥ്യമാകുന്നുള്ളു.

ഒരാള്‍ക്ക് നമ്മെ ഓര്‍ത്തിരിക്കാന്‍
ഹൃദയമറിഞ്ഞ സ്നേഹത്തിന്റെ
ഒരു ചീള് മാത്രം മതി

Monday, August 02, 2021

സ്നേഹത്തിന്റെ നിലാവ്

സ്നേഹം അഗ്നിപോലെയാണ'.
സ്നേഹത്തിന്റെ നിലാവ്കത്തിപ്പടരും തോറും
ചൂട്‌ വര്‍ദ്ധിക്കുന്നു.
അതു പോലെ നഷ്ടപ്പെടുമ്പോള്‍
പെട്ടന്ന്‌ ചാരവുമാകുന്നു.

പകര്‍ന്ന സ്നേഹത്തിനും,
നല്‍കിയ ധാനത്തിനും,
കണക്ക്‌ സൂക്ഷിക്കാതിരിക്കുക.
നല്‍കിയ നന്‍മകള്‍
അതേ മുഖത്തില്‍
തിരിച്ച്‌ ലഭിച്ചെന്ന്‌ വരില്ല.

ഒരിക്കല്‍ നമുക്ക്‌ നമ്മെ നഷ്ടപ്പെടും-
എന്നത്‌ നിശ്ചയം.
അന്ന്‌ ബാക്കിയവുന്നത്‌
നല്‍കിയ സ്നേഹത്തിണ്റ്റെ നിലാവും,
കുറിച്ച അക്ഷരങ്ങളുടെ 
ആഴവും മാത്രമേയുണ്ടാവുള്ളൂ.

എന്തു ചെയ്യുന്നു എന്നതിനപ്പുറം.
എങ്ങനെ ചെയ്യുന്നു
എന്നതിലാണ'പൂര്‍ണ്ണത.

ചെയ്ത പ്രവര്‍ത്തികള്‍
പറയാതെയും.
പറഞ്ഞ പ്രവര്‍ത്തികള്‍
ചെയ്യാനും ശ്രമിക്കുക.







Tuesday, July 13, 2021

വായിച്ച വര്‍ത്തമാനങ്ങള്‍

 വായിച്ച പുസ്തകങ്ങളേക്കാളും,
കേട്ട വര്‍ത്തമാനങ്ങളേക്കാളും,
കണ്ട കാഴ്ചകളേക്കാളും
എത്രയോ ഉന്നതമാണ`
ജീവിതാനുഭവത്തിണ്റ്റെ
ഉള്‍ചൂട്‌.

ഉള്ളം അറിയാതെ
പകര്‍ന്ന് പോയ ജലം
ഒരിക്കലും തിരികെ
ആഗിരണം ചെയ്യാനാകില്ല.

Tuesday, July 06, 2021

മനസ്സിനെ നനയ്ക്കുന്ന സ്വപ്നങ്ങള്‍

 ഒരു നേട്ടത്തില്‍ നാം
പുഞ്ചിരിക്കുമ്പോള്‍,
അരികിലെ സുഹൃത്തിന്റെ
പരാജയത്തിന്റെ
കണ്ണീര്‍ മറക്കാതിരിക്കുക.

ചിന്തകള്‍ നമ്മുടെ
മനസ്സിനെ നയിക്കുമ്പോള്‍,
സ്വപ്നങ്ങള്‍ നമ്മുടെ
മനസ്സിനെ നനയ്ക്കുന്നു.

വാക്കുകള്‍ മറ്റൊരു
ഹൃദയത്തിനുമേല്‍
തൂവലാകുന്നുവെങ്കില്‍
നിശ്ചയം അത്‌ പുണ്യപ്രവര്‍ത്തിയാണ'

ദാനം ചെയ്യുന്ന ഒരോ നിമിഷവും
ദൈവത്തിണ്റ്റെ കരങ്ങളിലെ
അനുഗ്രഹ പൂക്കളാകും.

Saturday, July 03, 2021

സുഷിരങ്ങള്‍ വീണ മനസ്സ്‌

സുഷിരങ്ങള്‍ വീണ മനസ്സ്‌
 ഹൃദയം ഹൃദയത്തോട്‌ ചേര്‍ക്കുമ്പോള്‍
‍തോനുന്ന മിടിപ്പാണ' യഥാര്‍ത്ഥ സ്നേഹം.

കാലത്തിന' കാഴ്ചയ്ക്ക്‌ മങ്ങലേല്‍പ്പിയ്ക്കാം,
മനസ്സിന്റെ തെളിമയുടെ നിറം
കെടുത്താന്‍ ഒരിക്കലുമാകില്ല.

നന്‍മകള്‍ നിറഞ്ഞ മനസ്സ്‌ 
പരന്നൊഴുകുന്ന പുഴപോലെയാണ
'
അത്‌ അരുകിലെ മാലിന്യങ്ങളെയും 
ശുദ്ധീകരിക്കുന്നു

സൌഹൃത്തില്‍ സുഷിരങ്ങള്‍ 
വീണു കഴിഞ്ഞാല്‍
സ്നേഹത്തിന്റെ നാഴിയിലെ 
അളവ്‌ താനെ കുറയും.

Thursday, July 01, 2021

അറിവിന്റെ ആഴങ്ങളിൽ

അറിവിന്റെ ആഴങ്ങള്‍
അറിവിന്റെ ആഴങ്ങളിലേക്ക്‌
മനസ്സ്‌ ചെന്നെത്തുമ്പോള്‍
നേടുന്ന തിരിച്ചറിവാണ്‌
യഥാര്‍ത്ഥ അറിവ്‌,
അതു തന്നെയാണ്‌
ഏറ്റവും വലിയ സമ്പാദ്യം 

വീഴ്ചകള്‍ നമ്മെ നോവിക്കുമ്പോള്‍
മാത്രമേ ഉയര്‍ച്ചയുടെ
ആഹ്ളാദം നാം അറിയുകയുളൂ.

നാം നമ്മെ വിലയിരുത്താതെ
അറിയുന്നവരുടെ മനസ്സിലൂടെ
അറിയുക.

അക്ഷയപാത്രമാണ്‌ സ്നേഹം.
ചൊരിഞ്ഞാലെ നിറയൂ.

അവസാനം വരെയും പ്രതീക്ഷ
നല്‍കുന്ന ഹൃദയമാണ്‌ ഏറ്റവും ഉന്നതം


Saturday, June 26, 2021

അപ്‌ലോഡ് ചെയ്തമനസ്സ്

അപ'ലോഡ്‌ ചെയ്ത മനസ്സ്
 മനസ്സില്‍ മറഞ്ഞിരുന്ന-
കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍
വെറുതെ-
ഒരു ശ്രമം.
വീണ്ടും,
ഒരിക്കലൂടെ.
ഉള്ളില്‍ കടക്കാനുള്ള-
വഴിയും മനസ്സ്‌ മൂടിവച്ചു.
ഓര്‍മ്മയുടെ ടേറ്റകള്‍ മുഴുവന്‍
ആരോ പെന്‍ ഡ്രവ്വില്‍ പകര്‍ത്തി
എന്നെയങ്ങ്‌-
ഡിലീറ്റ്‌ ചെയ്യതു
അഛന്‍,
അമ്മ,
സഹോദരങ്ങള്‍,
കൂട്ടുകാര്‍,
വീട്‌,
സ്വപ്നം,
ചിന്ത,
കളവ്‌,
അങ്ങനെ.. അങ്ങനെ 
എന്തെല്ലാം.
പേര്'പോലും മറന്ന്‌-
പൂജ്യമായി പോയ 
എന്നെ,
ഞാനെങ്ങനെ കണ്ടെത്തും.
എന്റെ മനസ്സ്‌
അപ്‌ലോഡ്‌ ചെയ്തു-
ഞാനായി തീര്‍ന്ന തസ്കരനെ
കണ്ടെത്താന്‍
നിങ്ങൾക്ക് 
ഇനി,
അവനെ  വിചാരിച്ചാല്‍ മതി. ‌
അവന്റെ ഉള്ളിൽ 
ഞാനുണ്ടാകും നിങ്ങളെ കാത്ത് 

Monday, June 21, 2021

ഈ ജീവിതത്തില്‍ നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നത്‌.

 

നഷ്ടപ്പെട്ടതിനെക്കുറിച്ച്‌ ചിന്തിക്കാതെ,
ഇനി ഉണ്ടായേക്കാവുന്ന
നഷ്ടത്തെക്കുറിച്ച്‌ ബോധവാനാകുക.

നാം നാളേയ്ക്‌ മാറ്റി വയ്ക്കുന്ന ഒരു കാര്യവും
ഈ ജീവിതത്തില്‍ നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നില്ല.

ആഴിയേക്കാള്‍ ആഴവും
കടലുപ്പിനേക്കാള്‍ ഉപ്പും
നോവുന്ന കണ്ണീരിനുണ്ടാകും.

സ്നേഹത്തിന്റെ ക്ഷേത്രമാകണം മനസ്സ്‌.


Sunday, June 20, 2021

Delete ചെയ്യപ്പെട്ട ഓർമ്മകൾ

മനസ്സില്‍ മറഞ്ഞിരുന്ന-
കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍
ഒരു ശ്രമം.
വീണ്ടും,
വെറുതെ-
ഒരിക്കലൂടെ.
ഉള്ളില്‍ കടക്കാനുള്ള-
വഴിയും മൂടിവച്ചു.
ഒരു വഴിയും ഇല്ലെന്ന് 
മനസ്സിന്റെ മെസേജ് 
ഓര്‍മ്മയുടെ ടേറ്റകള്‍ മുഴുവന്‍
ആരോ പെന്‍ ഡ്രവ്വില്‍ പകര്‍ത്തി
എന്നെയങ്ങ്‌ പൂർണമായും 
ഡിലീറ്റ്‌ ചെയ്യതുകളഞ്ഞു.
അഛന്‍,
അമ്മ,
സഹോദരങ്ങള്‍,
പ്രണയിനി,
കൂട്ടുകാര്‍,
വീട്‌,
സ്വപ്നം,
ചിന്ത,
കളവ്‌,
അങ്ങനെ.. എല്ലാമെല്ലാം 
പേര'പോലും മറന്ന്‌-
പൂജ്യമായി പോയ 
എന്നെ,
ഞാനെങ്ങനെ കണ്ടെത്തും.
എന്റെ മനസ്സ്‌
അപ'ലോഡ്‌ ചെയ്തു-
ഞാനായി തീര്‍ന്ന തസ്കരനെ
കണ്ടെത്തനും 
അവനോട് സംസാരിക്കാനും 
എന്നെ വീണ്ടെടുക്കാനും 
ഇനി ഒരു വഴി മാത്രം ബാക്കി ഉള്ളു 
ആ ചിന്തയിൽ എന്നെ വിചാരിച്ചാൽ 
അവന്റെ ഉള്ളിൽ ഞാനുണ്ട് 

Tuesday, June 15, 2021

മിന്നാത്ത പൊന്നും പ്രണയവും.

 

മിന്നാത്ത പൊന്ന്
ഇന്നലയവൾ  മടക്കി തന്നു,
പ്രണയവും.
ഉരുകിയ പൊന്ന്
പൂച്ചെടുത്ത്കാക്കയ്ക്കൊടുത്തു.
കാക്ക പെണ്ണ്നാളെ പുതുചെക്കനുമായി
എന്റെ വീട്ടിൽ  വിരുന്ന് വരും.

രക്തദാഹിയായ കൊതുക്‌.

       രക്തദാഹിയായ കൊതുകിന്മുന്നിൽ
നിന്നും രക്ഷനേടാൻ  ഞാൻ കുരിശ്കാട്ടി.
കൊതുക്‌,
കര്ത്താവിന്റെ
ആണിപഴുതിലെ നനവിൽ നാവ്ഒട്ടിച്ചു,
ദാഹം തീർത്തു

പീലാത്തോസാകാൻ  സർക്കാർ

വയനാട്ടിലെ കർഷകൻ
ഒപ്പിന്കീഴെ
പുള്ളിയിടാറുണ്ടോ എന്ന് അന്വേഷിക്കണം.
ഒപ്പിന്കീഴെ-
കുത്തിടുന്നവർ ആത്മഹത്യ ചെയ്യുമത്രേ.
 
കേൾക്കണ്ട സർക്കാർ,
പീലാത്തോസാകാൻ  കാത്തിരിക്കുകയാണവ

Friday, June 11, 2021

സെവന്റീസ്‌....


ഴാം കല്ലിനുമേൽ 
ഉന്നം കൊളുത്തി                                                                         
നെഞ്ച് തകർത്തൊരേറ്...                                                                                                            ഏഴും തെറ്റി 
തെറിച്ച് പല ദിക്കിൽ                                                                                             
ചിന്നം.                                                                                                                                                      പിന്നം.                                                                                                                                   
ആറാളും മുതുകും പൊത്തി 
ഓടി മറഞ്ഞു,  
പെറുക്കിക്കൂട്ടി                                                                                                        
ഒന്നിനു മേൽ ഒന്നടുക്കി..                                                                                                    രണ്ടടുക്കി,                                                                                                                                     മൂന്ന്,
നാല്,
അഞ്ചടുക്കി..,
ആറ്....,
ദേ..വരുന്നു..മുതുകു തുളഞ്ഞൊരു ഏറ്.......
അഞ്ചാം നിലയിൽനിന്ന് താഴേക്ക്‌ 
അടുക്കുതെറ്റി,
മേലെന്ന് രണ്ടും പൊത്തോന്ന്...
ഓട്ടം.
വീണ്ടും....
അടുക്കൽ,
അഞ്ച്,..ആറ്,
ഓടിക്കോ......
വരുന്നെടാ..ഏറ്....
പാത്ത് 
പാത്തുവന്ന്  
ഒന്നിന് മേൽ
 ഒന്ന് വച്ച്..
രണ്ടുവച്ച് 
ഒടുക്കം, 
ആറിനുമേൽ മിടിക്കുന്ന 
ഹൃദയംവച്ച്..
തിരിഞ്ഞ് 
നോക്കി..നോക്കി..
വിളിച്ചൊരു കൂവൽ 
സെവന്റീസ്‌.....
സെവന്റീസ്‌....

Saturday, June 05, 2021

മഴ.. മഴ...മനസ്സില്‍ തോരാത്ത മഴ....


ഒന്നാം ദിവസം:
മഴ ഒരനുഭവമാണ്
ആഹ്ളാദമണ്
ആനന്ദമാണ്
ആഘോഷമാണ്
വെള്ളം തെറിപ്പിച്ച്‌
തോര്ത്തു മുണ്ട്‌ ചൂണ്ടയാക്കി
മുറ്റത്ത്‌ കടലാസ്‌ തോണിയിറക്
ചങ്ങാതിയെ വെള്ളത്തില് ഉന്തിയിട്ട്‌
സ്കൂളിൽ പോകാതെ
പുഴയിൽ കുത്തിമറിഞ്ഞ്
ചെളി തെറിപ്പിച്ച് തല നനച്ച്‌..നനച്ച്‌...
രണ്ടാം ദിവസം :
മഴ അസ്വസ്തമാണ്
മഴ ഒഴിയാനുള്ള കാത്തിരിപ്പായി,
കാല് പന്തു കളിക്കാനാകാതെ,
സെവന്റീസ്‌ വിളിക്കാനാകാതെ,
ഗോലി കളിയിൽ ചങ്ങാതിയെ തോല്പ്പിച്ച്‌
കൈ ഞൊട്ടയ്ക്ക്‌ തല്ലാൻ കഴിയാതെ
നനഞ്ഞ്‌..
നനഞ്ഞു..
ഒടുക്കം,
മടുത്തു.
നാവില് പനിയുടെ കയ്പുമായി
വെള്ളത്തില് കളിച്ചതിന്റെ
ശകാരം കേട്ടു കേട്ട്
രാപ്പനിയിയെ പേടിച്ച്‌
കാഞ്ഞിലെ കൊച്ചനെ കിനാവില് കണ്ട്
ഭയപ്പെട്ട മനസ്സുമായി...
അങ്ങനെ..യങ്ങനെ.
മൂന്നാം ദിവസം :
പനിയിൽ കിടുങ്ങി വിറച്ച്
ഗോപി ഡോക്ടറുടെ
ഗുളിക വിഴുങ്ങി
ഒട്ടും ഇഷ്ടമില്ലാത്ത പൊടിയരി
കഞ്ഞി കുടിച്ച്,
നാവിൽ നാരങ്ങ അച്ചാർ തൊട്ട്
പുറത്ത് ഇറങ്ങാനാകാതെ.
മഴ പെയ്യുന്ന രാത്രിയില്
ജാലകത്തിനരുകിലിരുന്ന്
ഭിത്തിയില് കവിളുരുമി
ഓര്മ്മകളുടെ മുറ്റത്തു കൂടി
നടക്കാന് കൊതിയാണ്‌.
തമ്മില് കാണുന്ന ചങ്ങാതിയോട്
ഒന്നു മിണ്ടാന്,
ഒരു പീലി തുണ്ട്‌ കടം ചോദിക്കാന്,
തല്ലു കൊള്ളാതിരിക്കാന് പുസ്തകതാളില്
അവന് ഒളിപ്പിച്ച തളിരില കട്ടെടുക്കാന്,
മനപാഠമാക്കിയ പദ്യം മലയാളം മാഷിനോട്‌
ഈണത്തില് ചെല്ലികേള്പ്പിക്കാന്,
ക്ലാസ്സ്‌ കഴിഞ്ഞ്‌ മടങ്ങുമ്പോള്
ഇഷ്ടക്കാരന് വേണ്ടി കീശയില് കാത്തു വച്ച
തേന് മിഠായി കൊടുക്കാന്
ഉദയന് ചേട്ടന്റെ സൈക്കിളിന്‌
മുന്നിലിരുന്ന് വീട്ടിലേക്ക്‌ പായാന്,
ഉമ്മായുടെ കൈയില് നിന്ന്
മുളക്‌ ചമ്മന്തി ചേര്ത്ത ഒരുള ചോറുണ്ണാന്....
അങ്ങെനെയങ്ങേനെ...
പക്ഷെ...ഇപ്പോഴും പുറത്തു
മഴ പെയ്യതുകൊണ്ടേയിരിക്കുകയാണ്‌.
നനയട്ടെ . ഭൂമിയും മനസ്സും കുളിരും വരെ
പെയ്യട്ടെ... പെയ്യട്ടെങ്ങന പെയ്യട്ടെ..

( കുറിപ്പ്.എന്റെ മഴ ഓർമ്മ പുസ്തകത്തിൽ നിന്ന്.. എം. എച്ച്. സഹീർ ).

Sunday, May 30, 2021

കാഴ്ചയ്ക്കുമപ്പുറം ജീവിതങ്ങൾ ചിലപ്പോൾ ഇങ്ങനെയൊക്കെ..

           ഇടവകക്കാരുടെ സംശയവര്‍ത്തമാനങ്ങള്‍ക്കിടയിലൂടെ ജോസഫ്‌ അച്ചന്റെ മേടയുടെ പടി കയറി നിര്‍ത്താതെയുള്ള നടപ്പിന്റെ വേവലാതികള്‍ക്കിടയിലും നല്ലൊരു ഇടയനായി ബൈബിളിലെ വചനങ്ങള്‍ ഉരുവിട്ട്‌ പ്രാര്‍ത്ഥനയിലായിരുന്നു.       കൈ വിരലുകള്‍ ക്കിടയിലൂടെ കൊന്തമണികള്‍ താഴേക്ക്‌ ഊര്‍ന്നുകൊണ്ടിരുന്നു ഇപ്പോഴും ഒന്നുമറിയാത്ത മനസ്സോടെ  ജോസഫ്‌ അച്ചനു മുന്നില്‍ സ്തുതി പറഞ്ഞു.

പള്ളിമുറ്റം ഇടവകയായി. പലതരം ഒച്ചകള്‍ ആധിപിടിച്ച മനസ്സുകള്‍ മുകളില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന പള്ളിമണി നോക്കി മിണ്ടാതെ നിന്നു.

ഏലിക്കുട്ടി കര്‍ത്താവിന്‌ മുന്നില്‍ മുട്ടുകാലില്‍ നിന്നു.ജപമാലയിലെ ഈശോയെ നെഞ്ചോട്‌ ചേര്‍ത്തു, മനഃമുരുകി പ്രാര്‍ത്ഥിച്ചു. ചങ്കിലെ മിടിപ്പ്‌ മുത്തുമാലയില്‍ മുട്ടികൊണ്ടിരുന്നു.

"കര്‍ത്താവേ..ഇതെങ്ങാനം അച്ചായനറിഞ്ഞാ..പിന്നെ ചത്താ മതിയായിരുന്നു." പതം പറഞ്ഞ വാക്കുകള്‍ക്കുള്ളില്‍ ചങ്കില്‍ എരിഞ്ഞ വേവുണ്ടായിരുന്നു. കരച്ചിലിനും പ്രാര്‍ത്ഥനയ്ക്കുമിടയ്ക്ക്‌ കൈയൂങ്ങി നെഞ്ചിന്‌ ഒരിടി വച്ചു കൊടുത്തു ഏലിക്കുട്ടി. ആ നേരം അവള്‍ക്ക്‌ പിന്നിലെ ഫോണ്‍ വിളിച്ചു.

"ഏലിയേ....ഇത്‌ ഞാനാടീ ..നിയെവിടാ ന്റെ.. പൊന്നേ..."

അത്‌ ഫെര്‍ണ്ടാസായിരുന്നു. അയാളുടെ ശബ്ദം ദാഹിച്ചതു പോലെയെങ്കിലും വാക്കുകളില്‍ നിറയെ ഏലിക്കുട്ടിയോടുള്ള പ്രണയമായിരുന്നു.അവള്‍ ഫെര്‍ണ്ടാസിണ്റ്റെ സ്നേഹത്തിലേക്ക്‌ വിളികേട്ടു.

"എന്നാ..ഏലിയേ..കേള്‍ക്കുന്നതൊക്കെ... ഏനി ഞാനെങ്ങനെ ആലിസിന്റെ മുഖത്ത്‌ നോക്കും നീ പറ." ഒറ്റപ്പെടുത്തിയ വാക്കുകളായിരുന്നു ഏലിക്കുട്ടിയെ പൊള്ളിച്ചത്‌. ആ തകര്‍ച്ചയില്‍ അവളുടെ ജീവിതവും സ്വപ്നങ്ങളുമുണ്ടായിരുന്നു.

"ഒക്കെ തകര്‍ത്തിട്ട്‌ ഒരു പുണ്യാളന്‍ , എന്നാത്തിനായിരുന്നു ..ചതിയനാ നിങ്ങള്‌..വിശ്വസിക്കാന്‍ കൊള്ളരുതാത്തോന്‍.ഇനി ഞാനെങ്ങനെ ന്റെ പിള്ളേരടപ്പനുമായി എടവകയിലൂടെ നടക്കുമെന്റെശോയേ...."

പിന്നിട്‌ ഏലിക്കുട്ടിയുടെ ശബ്ദം കരച്ചിലായിരുന്നു. ഭര്‍ത്താവ്‌ ശവപ്പെട്ടി കച്ചവടക്കാരന്‍ ഒരു ചാക്കോയും രണ്ടും,മൂന്നും വയസ്സ്‌ പ്രായമുള്ള മക്കളുമൊത്തൊരു ജീവിതമായിരുന്നു ഏലിക്കുട്ടിയുടേത്‌. ഇടയ്ക്‌ അവളുടെ ഏകാന്തതയെ സമ്പന്നമാക്കി ഫെര്‍ണാണ്ടസും.ആ ജീവിതങ്ങളുടെ സമാധാനങ്ങളിലേക്കാണ്‌ ഫെര്‍ണാണ്ടസ്‌ ഫോണ്‍ കോളായെത്തിയത്‌.കേട്ടത്‌ പലവീടുകളിലേയും ഒതുക്കി പിടിച്ച മനസ്സുകളായി.ഫോണിലെ സംസാരങ്ങള്‍ക്ക്‌ പിന്നില്‍ സംശയത്തിന്റെ നോട്ടങ്ങള്‍ .

വര്‍ത്തമാനത്തിന്റെ വാതയാനം തുറന്ന പൌലോസിനെ ചുറ്റിപ്പിടിച്ചത്‌ മുഖങ്ങളായിരുന്നു. എത്രയെന്നും ആരെന്നും തിരിച്ചറിയാന്‍ കഴിയാത്ത വേവലാതിയ്ക്കുള്ളില്‍ പൌലോസ്‌ മുറിയ്ക്കുള്ളില്‍ ചുറ്റി നടന്നു, കരങ്ങളുയര്‍ത്തി ഉടയവനെ വിളിച്ചു. വിശുദ്ധവസ്ത്രമണിഞ്ഞ്‌ പറന്നിറങ്ങുന്ന മാലഖമാരുടെ കാഴ്ച പൌലോസിന്‌ നഷ്ടം വരുന്നതായി തോന്നിച്ചു.

പഴയ ജീവിതം ഉപേക്ഷിച്ച്‌ ആത്മിയതയില്‍ മനസ്സ്‌ തറച്ച്‌ ബാക്കി ജീവിതം കാരുണ്യമാക്കി പകരുകയായിരുന്നു പൌലോസ്‌. അല്‍പം മനഃശാന്തി തേടി പൌലോസ്‌ മത്തായി സുവിശേഷം പത്താം അദ്ധ്യായം തുറന്നു.

" മനുഷ്യരുടെ മുന്നില്‍ എന്നെ ഏറ്റു പറയുന്ന ഏവനേയും സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്‌ മുന്നില്‍ ഞാനും ഏറ്റു പറയും. എന്നെ തള്ളി പറയുന്നവനയോ..എന്റെ പിതാവിന്‌ മുന്നില്‍ ഞാനും തള്ളി പറയും." സുവിശേഷ വരികള്‍ക്കിടയിലൂടെ പൌലോസ്‌ ഒറ്റപ്പെട്ട്‌ നടന്നു.

നഗരത്തില്‍ ഇണ്റ്റര്‍നെറ്റ്‌ കഫേ നടത്തിരുന്ന സുമുഖനായ ചെറുപ്പക്കരനായിരുന്നു പൌലോസ്‌. നീണ്ട്‌,മെലിഞ്ഞ്‌ മനോഹര കൈവിരലുകളുള്ള പെണ്‍കുട്ടികളുടെ സൌന്ദര്യം അയാളുടെ കണ്ണുകള്‍ കുടിച്ചു. തുടര്‍ന്ന്‌ പൌലോസിന്റെ രാവുകള്‍ക്ക്‌ ഓരോ സുന്ദരികളുടെ പേരുകളായിരുന്നു.ഇടയ്ക്‌ എപ്പോഴോ അയാളുടെ മനസ്സ്‌ പ്രാര്‍ത്ഥനയുടെ നേരുകളിലേക്ക്‌ മുട്ടുകുത്തി. അങ്ങനെ, കഫേ പൂട്ടി വെള്ളവസ്ത്രം ധരിച്ച്‌ ഇടവകയില്‍ പ്രബോധനം പഠിപ്പിച്ചു.

അവിടേക്ക്‌, അന്നയും,സൂസിയും,ക്ളാരയുമെത്തിയത്‌ പൌലോസിനെ തേടിയായിരുന്നു. അവര്‍ ചങ്കെരിഞ്ഞ്‌ പൌലോസിനോട്‌ പറഞ്ഞു. "ഞങ്ങടെ ജീവിതം തുടങ്ങീട്ടെ ഒള്ളായിരുന്നു, ആ സ്നേഹമായിരുന്നു,സന്തോഷമായിരുന്നു പൌലോസേ ..നിങ്ങള്‍ തട്ടിയെറിഞ്ഞെ...."ശ്വാസം കുടുങ്ങി നിന്നു പോയ സൂസി ഭര്‍ത്താവിനെക്കുറിച്ച്‌ ഓര്‍ത്തു പോയി.കോര, ബാങ്ക്‌ ഉദ്യോഗസ്ഥനും സുന്ദരനും സല്‍ സ്വഭാവിയുമായിരുന്നു.അയാള്‍ പാലില്‍ നാട്ടു വൈദ്യം ചേര്‍ത്തു കുടിച്ച്‌ രാത്രിയിലെ ശ്വാസതടസ്സവും കിതപ്പും നിയന്ത്രിച്ചിരുന്നു.ഭര്‍ത്താവിന്റെ വരവിലേക്ക്‌ ഒരു ചിരിയുമായി കാത്തുനിന്ന സൂസി ഒരു പിടച്ചിലോടെയാണ്‌ ആ വാര്‍ത്തയിലേക്ക്‌ വീണത്‌.പിന്നെ തുടരെ ഫോണ്‍ കറക്കിക്കറക്കി അന്നയേയും സൂസിയേയും ഒപ്പം കൂട്ടി.പൌലോസിന്റെ കഫേയിലെ കണ്ടുമുട്ടലാകണം അവരെ സുഹൃത്തുക്കളാക്കി തീര്‍ത്തത്‌.സൂസിയുടെ നെഞ്ചിടിപ്പിനേക്കാള്‍ ശക്തമായിരുന്നു അന്നയുടെ വാക്കുകള്‍. "ഇറക്കി വിട്ടാ മറ്റെവിടെയും പോകാതെ ഞാനിങ്ങട്‌ വരും അതുറപ്പാ..എന്റെ ഈ വിരലുകളില്‍ നിങ്ങള്‍ മുത്തം വയ്ക്കുമായിരുന്നില്ലേ..കൊതിയോടെ നാവില്‍ വയ്ക്കാറില്ലായിരുന്ന്വോ...ഇനി ഞാനിവിടില്ലേ..എപ്പോഴും എവിടെവേണേലും."ക്ളാര കരയുക മാത്രം ചെയ്തു.ഭര്‍ത്താവ്‌ സോളമന്‍ മരിച്ച ഓര്‍മ്മ ദിനത്തിലെ പ്രാര്‍ത്ഥനയുടെ കണ്ണീര്‌ അവളുടെ തൊണ്ടയില്‍ പിടഞ്ഞ്‌ കിടന്നു.

പള്ളിമണിയ്ക്‌ കീഴെ ജനങ്ങള്‍ നിറഞ്ഞുകൊണ്ടിരുന്നു..പലകത്തട്ടില്‍ പ്രാവുകള്‍ കുറുകി. അച്ചന്‍ കുരിശ്‌ വരച്ചു. മനസ്സ്‌ നൊന്ത്‌ കര്‍ത്താവിനെ വിളിച്ചു. ഒന്നുമറിയാത്തവരെപ്പോലെ ക്രൂശിച്ച്‌ കുരിശില്‍ തറച്ച ക്രിസ്തുവിന്റെ മുഖം അച്ചനു മുന്നില്‍ നിറഞ്ഞു.

"എന്റെ കുരിശുമേല്‍ കര്‍ത്താവേ..ഇതെന്നാ മറിമായം.എന്റെ തടിപ്പണി ജീവിതത്തീ ഇതാദ്യാച്ചോ..." തടിപ്പണിക്കാരന്‍ ചാണ്ടിമാപ്പിളയുടെ പേടി, പിന്നെ മൌനമായിരുന്നു.

പള്ളിമുറ്റത്ത്‌ ആളുകള്‍ കൂട്ടം കൂടി ആലോചനയിലാണ്ടു. അവരുടെയെല്ലാം തീരുമാനങ്ങളില്‍ ഭിന്നിപ്പില്ലാത്ത സ്വരത്തിന്റെ ശക്തിയുണ്ടായിരുന്നു.അവര്‍ ഊഹിച്ചു.ചിലര്‍ വാതുപറഞ്ഞു വാശിപിടിച്ചു.

"ഈ പറയുവാന്ന്‌ വച്ചാ..അതിപ്പേ്പ്പാ എങ്ങനാന്റെ.. കറിയാച്ചോ... എന്നാ.അറിഞ്ഞിട്ടാ നിങ്ങളീ ചോയിക്കണെ അങ്ങനെ പറയാന്‍ തക്ക അടുക്കും. ക്രമവുമൊന്നുമില്ലന്നേ.. നമ്മടെ ആ കോശി മാപ്പിളല്ലെ..അങ്ങരെടെ സംഭവം കഴിഞ്ഞിട്ടിപ്പോ ആറേഴ്‌ കൊല്ലത്തീ മേലയായില്ലിയോ..എന്നാ വടക്കെ തറയിലെ വര്‍ഗ്ഗീസിണ്റ്റെ കാര്യോ, അത്‌ കഴിഞ്ഞിട്ടിപ്പോ കൊല്ലം ഒന്നല്ലെ ആയുള്ളൂ.. എന്നിട്ടിപ്പോ ഇത്‌ രണ്ടും മുന്‍പും പുറകുമല്ലായിരുന്നോ പറച്ചില്‌. പേര്‌ വിളിച്ച്‌ തുടങ്ങിയാപിന്നെ വീട്ടു പേരും അപ്പന്റെ പേരുമൊക്കെ ഉണ്ടെന്നാ കേക്കണെ..കര്‍ത്താവേ..ഇങ്ങനെ പോയാ..തമ്മീ കൊല്ലാനും മരിക്കാനുമല്ലേ നേരള്ളൂ. "

 പ്രശ്നങ്ങളുടെ നടുവിലേക്കാണ്‌ ജ്വല്ലറിയുടെ മതിലു തുരന്ന്‌ ഉള്ളം കണ്ട പത്രോസിനേയും രാത്രിയ്കൊപ്പം അതിര്‌ തന്റെതാക്കിയ ലോനപ്പന്റെയും കൈക്കുള്ള വിലങ്ങുമായി ഒരു പോലീസ്‌ വാന്‍ ഇടവകയിലേക്ക്‌ എത്തിചേര്‍ന്നത്‌.ലോനപ്പനും പത്രോസും പണ്ടെ അച്ചനു മുന്നില്‍ മുട്ടുകുത്തി സമാധാനവും സമ്പാദ്യങ്ങളുമായി ഇടവകയിലെ പ്രമാണിമാരായി തീര്‍ന്നിരുന്നു. ഇന്ന്‌ നഷ്ടം വന്ന സമാധാനം ചേര്‍ത്തു പിടിച്ചവര്‍ അച്ചന്റെമേടയ്ക്ക്‌ കീഴെ കാത്തിരുന്നു.

ഇടവകയിലെ വര്‍ത്തമാനങ്ങളില്‍ നിന്നും കുറച്ച്‌ മാറി കടലിലേക്കാഴ്ന്നിറങ്ങി പോകുന്ന മാത്രകയില്‍ പണികഴിപ്പിച്ച ഒരു മുന്തിയ ഹോട്ടലിലെ ബാറിലെ ഇത്തിരി വെളിച്ചത്തിന്‌ കീഴെയിരുന്ന്‌ ജോണ്‍ വര്‍ഗ്ഗീസപ്പോള്‍ ബ്ളൂലേബല്‍ വിസ്കി വെള്ളം പകരാതെ അകത്തേക്കൊഴുക്കി. തൊണ്ടക്കുഴി കത്തി ഒരാളല്‍. ഉള്ളിലെ അണയാത്ത കനലുകളൊക്കയും വീണ്ടും തീയാക്കി മാറ്റുകയായിരുന്നു ജോണ്‍. ഓര്‍മ്മകളുടെ കുഴയലില്‍ ഗ്ളാസിന്റെ വക്കിലേക്ക്‌ കുപ്പി ഒരിക്കലൂടെ മുട്ടിച്ചു ജോണ്‍. ആ നേരം മേശയുമേലെ സെല്‍ഫോണില്‍ വന്നെത്തിയത്‌ ഗ്ളാഡിസ്സായിരുന്നു. -"എന്റെ പ്രിയപ്പെട്ടവളെ " ജോണ്‍ പുന്നാരത്തോടെ ഫോണ്‍ കൈയിലെടുത്തു മുത്തം നല്‍കി. നെഞ്ചോട്‌ ചേര്‍ത്തു. " നിന്നെയോര്‍ത്തോര്‍ത്ത്‌ ദാ..ഞാനിവിടെ തനിച്ച്‌,ഹൊ,വല്ലാതെ ബോറാകുന്നു.നീ എന്റെ കൊതി തീരാത്ത നീര്‍മതളമല്ലെ.. " ഫോണിലൂടെ അവളുടെ ഹൃദയത്തിലേക്ക്‌ ഇറങ്ങി പോകവെ ജോണിനെ കുറുകെ ഗ്ളാഡിസ്‌ പറഞ്ഞു. -" ജോണ്‍.. പ്ളീസ്‌, നിനക്കൊന്നു വരാമോ വേഗം" ഒരാഴ്ചയായപ്പോഴെക്കും നിനക്കവനെ മടുത്തുവോ..ജീവിതമായാല്‍ ഇങ്ങനെ ആസ്വദിച്ചു ആസ്വദിച്ച്‌ ഒരു ദിനം പടേന്നങ്ങ്‌..ഹെണ്റ്റെ കര്‍ത്താവേ... ആര്‍ത്തി പിടിച്ച ഒരു വേട്ട മൃഗത്തെപ്പോലെ ചിന്തകള്‍ അയാള്‍ക്കുള്ളില്‍ തിളച്ചു. ജോണ്‍ പാര്‍ക്കിലെത്തി, കാറിന്റെ ഡോറ്‍ വലിച്ചെറിഞ്ഞ്‌ അവളിലേക്ക്‌ വന്നു. "വരു..നമുക്കേതേലും ഹോട്ടലിന്റെ തണുപ്പിലേക്ക്‌ പോയിരിന്നലോ. " - "വേണ്ട.ജോണ്‍, എന്റെയീ അവസ്ഥയില്‍ നിന്ന്‌ നിനക്കെന്നെയൊന്ന്‌ സഹായിക്കമോ... ഗ്ളാഡിസിന്റെ വാക്കുകളില്‍ കുതിര്‍ന്ന നനവില്‍ തൊട്ട്‌ ജോണ്‍ ചോദിച്ചു. ജോണിന്‌ മറുപടിയായി മനസ്സില്‍ കരുതി വച്ച വാക്കുകള്‍ ഹൃദയത്തിന്‌ മേല്‍ തിളയ്ക്കുന്ന വേവലാതിയുടെ അസ്വസ്തത അവള്‍ക്കുള്ളില്‍ വിതുമ്പലായി. ജോണ്‍ അവളുടെ ചുണ്ടുകളില്‍ നോക്കി കാത്തിരുന്നു. അവള്‍ കരച്ചിലില്‍ കുതിര്‍ന്ന വര്‍ത്തമാനം ജോണിന്റെ കാതുകളിലേക്ക്‌ ഇട്ടു കൊടുത്തു. "ജോണ്‍ നീയെന്നെ കുറ്റപ്പെടുത്തരുത്‌, അലക്സിയുടെ മിന്ന്‌ കഴുത്തിലണിയും മുന്‍പേ എന്റെ ഹൃദയം ശുദ്ധമാക്കണമെന്ന്‌ ഞാനാഗ്രഹിച്ചു നീയും ഞാനുമുള്‍പ്പെട്ടെ എല്ലാം. ഒന്നും മറച്ചില്ല ഞാന്‍, പക്ഷെ അന്ന്‌ ഞാന്‍ ഏറ്റു പറഞ്ഞതൊക്കെ ഒരു പകല്‍ പോലെ ഇടവകക്കാര്‍ക്ക്‌ മുന്നില്‍ വെളിപ്പെടാന്‍ പോണൂന്ന്‌ കേള്‍ക്കുമ്പോ. എനിക്കു വയ്യ..ജോണെ." ഉള്ളിലെ വീര്യമത്രയും കത്തിതീര്‍ന്ന വെളിപ്പാടില്‍ ജോണ്‍ കേട്ടിരുന്നു. കുമ്പസരിച്ച്‌, തലതൊട്ട്‌ പരിശുദ്ധയാക്കപ്പെട്ടിപ്പോ.പറഞ്ഞതെക്കയും ഒരു വെളിപാടു പോലെ, കുമ്പസാരകൂട്‌ സംസാരിക്കുന്നത്രേ. വിശ്വസിക്കില്ല ജോണേ..കാണാണ്ട്‌ ആരുമത്‌ വിശ്വസിക്കില്ല. " കേട്ടതൊന്നും മനസ്സിലാകാത്തവനെ പോലെ ജോണ്‍ തലകുമ്പിട്ടിരുന്നു.നട്ടെല്ലില്‍ നിന്നും ഭയത്തിന്റെ നാവ്‌ മേലെക്ക്‌ കടന്ന്‌ അവന്റെ ഹൃദയത്തില്‍ തൊട്ടു. അവിടെ തെളിഞ്ഞ കുമ്പസാരകൂടിന്റെ വശങ്ങളില്‍ പാപത്തിന്റെ പടം പൊഴിയ്ക്കുന്ന കുറെ ജീവിതങ്ങളും. തെറ്റുകളൊഴിഞ്ഞ്‌ വിശുദ്ധിയുടെ കുരിശ്‌ നെറുകയില്‍ തൊടുവിച്ച വിശ്വാസങ്ങള്‍ക്ക്‌ മേലെ വര്‍ത്തമാനം പടര്‍ന്നു കൊണ്ടിരുന്നു.പലരും ഉള്ളില്‍ പരിശോധകരായി. കണ്ടിറങ്ങിയവരുടെ മനസ്സില്‍ നിറയെ സത്യത്തിന്റയുംെ തകര്‍ന്ന ഹൃദയനോവിന്റെയും നനവുണ്ടായിരുന്നു.ബാക്കിയായവര്‍ ആ കണ്ണുകളിലേയ്ക്ക്‌ മിണ്ടാതെ നിന്നു. രാത്രി. ഇടവകമുറ്റം. ജനങ്ങള്‍. നിലവാവിന്‌ കീഴെ അവര്‍ ഉറങ്ങാതെ കാത്തിരുന്നു.ഉള്ളം നിറയെ പകയുമായി. അവര്‍ക്കിടയില്‍ മൂകസാക്ഷിയായി വികാരിയച്ചന്‍.മിഴികളില്‍ ആകാശവും മനസ്സുനിറച്ച്‌ പ്രാര്‍ത്ഥനയുമായി നിന്നു. ഒറ്റ ദിവസം കൊണ്ട്‌ അന്യമാക്കപ്പെട്ട ജീവിതങ്ങള്‍ക്ക്‌ മേലെ നിലവിളിയുയര്‍ന്നു. പിതൃത്വം ചോദ്യം ചെയ്യപ്പെട്ട മക്കളെ ചേര്‍ത്തു കേഴുന്നവര്‍. താലിയ്ക്‌ മേലെ മറ്റൊരു പുരുഷന്റെ മുഖം ചേര്‍ത്തവര്‍.ചോരകറയുടെ സത്യം കഴുകിയൊഴിഞ്ഞവര്‍. അങ്ങനെയങ്ങനെ ജാലകക്കൂടിലേക്ക്‌ മനസ്സ്‌ ചേര്‍ത്ത വിചാരങ്ങളെല്ലാം കര്‍ത്താവിന്‌ മുന്നില്‍ വച്ചവര്‍ മുട്ടുകുത്തി. മനസ്സുകളുടെ ആഴങ്ങളിലെക്ക്‌ മഴ തിമര്‍ത്തു.ആ രാത്രിയ്ക്കുമപ്പുറം ഒരു പകലുണ്ടായി. വീണ്ടും രാത്രികളും പകലുകളുമുണ്ടായിക്കൊണ്ടേയിരുന്നു. മരണത്തിന്റെ വിളര്‍ച്ചകളില്‍ മഴ പതിയിരുന്നു. മഴയൊഴിഞ്ഞ പകല്‍.വെയില്‍ നരച്ചു.കാറ്റില്‍ ജീവന്റെ ഒച്ചയക്കം.അടക്കിയ കരച്ചില്‍.ഭയം തിരയുന്ന കണ്ണുകള്‍ ചിതറിപ്പോയ ജീവിതങ്ങള്‍ക്ക്‌ സാക്ഷ്യം നിന്നു. കാഴ്ചയുടെ ദിക്ക്‌ അവസാനിക്കുന്നിടത്ത്‌, മണ്ണിലേക്ക്‌ ആഴ്‌ന്നു പോയ ഒരു കുമ്പസാരകൂട്‌. സത്യങ്ങള്‍ പെയ്‌തൊഴിഞ്ഞ കൂടിന്‌ കീഴെ മരണം വലിച്ച്‌ കൊണ്ടുപോയ ഒരു ജീവിതം.ആയുസിണ്റ്റെ ഒടുക്കത്തെ പിടച്ചിലെപ്പോഴോ ഹൃദയത്തിലേക്ക്‌ ചേര്‍ത്തു വച്ച ആ കൈയ്ക്കുള്ളില്‍ പൊട്ടിപ്പോയ ജപമലയില്‍ കുടുങ്ങി കര്‍ത്താവ്‌. ബാക്കി കൊന്തമണികള്‍ കുമ്പസാരകൂടിന്റെ ജാലകപഴുതിലൂടെ ഒന്നൊന്നായി ഊര്‍ന്ന്‌ അയാളുടെ നെറുകയിലേക്ക്‌ അങ്ങനെയങ്ങനെ...

Monday, February 01, 2021

പറയാനായിരിക്കുന്നതാണ് കഥ

                                                                                                                                        കഥ

ആമുഖക്കുറിപ്പ്:- 

             പ്രിയപ്പെട്ടവരെ, ഒരു കഥാകൃത്തിന്റെ ഡയറിയില്‍ നിന്ന് നഷ്ടപ്പെട്ടതോ നഷ്ടപ്പെടുത്തിയതോ ആയ ഈ താളുകള്‍ തികച്ചും യാദൃശ്ചിമായിട്ടാണ്‌ എനിക്ക്‌ കിട്ടിയത്‌. ഇതിലെ വരികള്‍ കഥയായിട്ടോ അനുഭവകുറിപ്പായായോ വായിച്ചെടുക്കാം. യുക്തിഭദ്രത കാലത്തിനനുയോജ്യമാണോ എന്ന വിഷമഘട്ടത്തി ലായിരിക്കണം   ഈ താളുകളെ ചീന്തിയെറിയാന്‍ ഒരു പക്ഷെ  കഥാകൃത്ത്‌ തുനിഞ്ഞത്‌. ഇത്തരം ഒരു സാഹചര്യത്തില്‍... എൻ്റെ  പ്രിയപ്പെട്ട വായനക്കാരാ....നിൻ്റെ  മനസ്സില്‍ വായനക്കൊപ്പം വിശാലമായ ഒരു കാന്‍വാസ്‌ കൂടി തീര്‍ക്കേണ്ടി വരുന്നു.

കഥാബീജത്തിലേക്ക്‌:- 

             ഡിസംബറിലെ തണുപ്പ്പ്പുള്ള ഒരു രാത്രി. ക്രീക്കിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്‌   രണ്ടുപേര്‍   എന്തോ   സംസാരിക്കുന്നുണ്ടായിരുന്നു.  അവര്‍ക്കിടയിലെ ഗ്ലാസുകള്‍ നിറഞ്ഞും, കുപ്പി പകുതി കാലിയുമായിരുന്നു.  ദീര്‍ഘസംഭാഷ ണത്തിനൊടുവില്‍ നിശബ്ദതയിൽതൊട്ടു അവർ .

         നേരം ഒരു കിലോമീറ്റര്‍ അപ്പുറത്തെ പതിനെട്ട്‌ നിലകളുള്ള റോയല്‍ ടവറിൻ്റെ  പതിമൂന്നാം നമ്പറിലെ പട്ടുകിടക്കയില്‍ അവള്‍ കിടന്നു. ഉറങ്ങിപ്പോയിരിക്കണം, മണി പന്ത്രണ്ടു കഴിഞ്ഞിരുന്നു.       ആ മുഖത്തിനുനേരെ കുഞ്ഞിൻ്റെ ചിരി. ഉറക്കത്തിലും ഉണര്‍വ്വിലും അവളുടെ മുഖത്തിനു നേരെ ചിരിക്കുവാനാണ്‌ അത്‌, അവിടെ തൂക്കിയിട്ടിട്ടുള്ളത്‌. 

     കാലുകള്‍ കുഴഞ്ഞ്‌,സ്യൂട്ട്കേസ്‌ എറിഞ്ഞ്‌, നെക്ക്‌ ടൈയും ഷൂലേസും അഴിച്ച്‌ അയാള്‍ വീണു, അവള്‍ക്കരുകില്‍. .മസ്തിഷ്ക്കത്തിലെ പിരിമുറുക്കം വിട്ടകന്നപ്പോള്‍ അവളോട്‌ പറയുകയായിരുന്നു, ആ തണുത്ത രാത്രിയില്‍ സുഹൃത്തിനോട്‌ പകര്‍ന്ന വിവരം. മറുപടി ഉള്ളിലെ വെറുപ്പില്‍ ദഹിപ്പിച്ച നോട്ടമായിരുന്നു.           സ്നേഹനിര്‍ബ്ബദ്ധത്തിനൊടുവില്‍ കുഞ്ഞിൻ്റെ ചിരിയുടെ ലാളിത്യത്തിലേക്ക്‌ അവളുടെ പാതിയടഞ്ഞ സമ്മതത്തിന്റെ വാതില്‍പാളി.ഭിത്തിയില്‍ പതിച്ചിരുന്ന കുഞ്ഞിന്റെ ചിരിതൂകിയ ഫോട്ടോയിലേക്ക്‌ അയാള്‍ നിസ്സഹായതയോടെ നോക്കി. ആര്‍ക്ക്‌ മുന്നിലും തുറന്നു പറയാന്‍ കഴിയാത്ത വേവലാതിക്കുള്ളില്‍ അയാളും സുഹൃത്തും കുരുങ്ങി വലിഞ്ഞു. ഒടുവില്‍ മൗനത്തിൻ്റെ സമ്മതത്താല്‍ പിരിഞ്ഞ രാത്രി. അയാള്‍ മനസ്സിനെ യാഥാര്‍ത്ഥ്യത്തിൻ്റെ പകലിലേക്ക്‌ പിഴുതുനട്ടു. സുഹൃത്തു വന്നു. അയാള്‍ ഫ്ലാറ്റിൻ്റെ ബാല്‍ക്കണിയില്‍ നിന്നും താഴെ തിരക്കിലേക്ക്‌ നോക്കി നിന്നു. 

       യാത്രപോലും പറയാതെ സുഹൃത്ത്‌ മടങ്ങി.അയാള്‍ അവളെ ചേര്‍ത്തണച്ചു, സുഹൃത്തിൻ്റെ ചുണ്ടിലെ എരിഞ്ഞണഞ്ഞ സിഗററ്റിൻ്റെ ഗന്ധം അവളുടെ ഉഛ്വാസങ്ങിലൂടെ അയാളറിഞ്ഞു. ആ നിശ്വാസം അയാളില്‍ ആശ്വാസമായും ഹൃദയം തകര്‍ന്ന വേദനയായും നിറഞ്ഞു.അതുമറച്ച്‌, അവളുടെ വിയര്‍പ്പും കണ്ണീരുമൊപ്പി. 

വീണ്ടും. ഡോക്ടര്‍. റിസല്‍ട്ട്‌. സന്തോഷം. 

      അയാള്‍ താരാട്ടു പാട്ടുകള്‍ കാണാതെ പഠിച്ചു. അവള്‍ കുഞ്ഞുടുപ്പുകള്‍ തയ്ച്ചു ആഹ്ലാദം നിറച്ചു. വര്‍ഷാവസാനം, പിറവി അയാള്‍ സുഹൃത്തിനോടൊപ്പം ആഘോഷിക്കുകയായിരുന്നു. സുഹൃത്ത്‌ നിശബ്ദനായിരുന്നില്ല. കണ്ണുകള്‍ നിറഞ്ഞ്‌ ഏങ്ങലോടെ... ഗ്ലാസ്‌ താഴെ വീണു ചിതറി. സുഹൃത്തിൻ്റെ ഭാര്യ ടെസ്റ്റ്‌ റിസല്‍റ്റിലെ ചുവന്ന അക്ഷരങ്ങള്‍ക്ക്‌ മേലെ ഒറ്റപ്പെട്ട്‌ നിന്നു. കുപ്പി വായിലേക്ക്‌ കമഴ്ത്തി മനസ്സിനെ ലഹരിയില്‍ അടക്കി പിടിച്ച്‌ സുഹൃത്ത്‌ ഇപ്പോള്‍ അയാളോട്‌ ചോദിച്ചിരിക്കണം അയാളുടെ മുറിയിലെ ചുവരില്‍ തൂക്കിയിരിക്കുന്ന കുഞ്ഞിൻ്റെ ചിത്രം, അത്‌ ഇനി തൻ്റെ ഉറക്കറയില്‍ ൻ്റെയും, ഭാര്യയുടെ മുഖത്തിനു നേരെ ചിരിക്കുവാനായി.

അനുബന്ധം:- 

                കഥാകൃത്ത്‌ കഥവിട്ട്‌ പോയ കാരണങ്ങളൂടെ ഏകദേശരൂപം വായനക്കാരന് ഇപ്പോൾ‌ നിരൂപിക്കാന്‍ സാധിച്ചിരിക്കും. ഈ കഥ പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുശേഷം  ആ കുട്ടിയുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്ന ഓരോ ചോദ്യങ്ങള്‍ക്കും മറുപടി പറയാൻ കഥാകൃത്ത്‌ ബാധ്യസ്ഥനാണ്‌,  ഈ പൂര്‍ണ്ണത തേടി തന്നെയാവണം അദ്ദേഹം കഥവിട്ട്‌ മാറിനിൽക്കുന്നത്   

വാല്‍കഷ്ണം :- 

           ഒരു കഥാകൃത്തിൻ്റെ ഡയറിയില്‍ നിന്നും ചീന്തിയെറിഞ്ഞ താളുകളാണ്‌ ഇവിടെയാധാരം എന്നു എഴുത്തുകാരന്‍ സാക്ഷ്യയപ്പെടുത്തുന്നു. ഇനിയൊരു പക്ഷെ തൻ്റെ ഡയറിയിലെ കുറിപ്പുകള്‍ തുടര്‍ന്ന് എഴുതുവാന്‍, ഈ മിത്ത്‌ വായനക്കാരൻ്റെ   അഭിപ്രായ ക്രോഡീകരണത്തിന്‌ വിട്ട്‌ മാറി നില്‍ക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു... ഇത്തരമൊരു  സാഹചര്യത്തില്‍  സത്യവിചാരണയ്ക്കായി നമുക്ക്‌ കഥാകൃത്തിനോട്‌ തന്നെ ചോദിച്ചാലോ.... ഇനി ഒരു പക്ഷെ അദ്ദേഹത്തിൻ്റെ ഉത്തരം ഇതാകുമോ ?.....

                         "പറയാനിരിക്കുന്നതാണ്‌ കഥ" 

                                                                                                                        എം.എച്ച്‌.സഹീര്‍.

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 to 2022 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.