Sunday, May 30, 2021

കാഴ്ചയ്ക്കുമപ്പുറം ജീവിതങ്ങൾ ചിലപ്പോൾ ഇങ്ങനെയൊക്കെ..

           ഇടവകക്കാരുടെ സംശയവര്‍ത്തമാനങ്ങള്‍ക്കിടയിലൂടെ ജോസഫ്‌ അച്ചന്റെ മേടയുടെ പടി കയറി നിര്‍ത്താതെയുള്ള നടപ്പിന്റെ വേവലാതികള്‍ക്കിടയിലും നല്ലൊരു ഇടയനായി ബൈബിളിലെ വചനങ്ങള്‍ ഉരുവിട്ട്‌ പ്രാര്‍ത്ഥനയിലായിരുന്നു.       കൈ വിരലുകള്‍ ക്കിടയിലൂടെ കൊന്തമണികള്‍ താഴേക്ക്‌ ഊര്‍ന്നുകൊണ്ടിരുന്നു ഇപ്പോഴും ഒന്നുമറിയാത്ത മനസ്സോടെ  ജോസഫ്‌ അച്ചനു മുന്നില്‍ സ്തുതി പറഞ്ഞു.

പള്ളിമുറ്റം ഇടവകയായി. പലതരം ഒച്ചകള്‍ ആധിപിടിച്ച മനസ്സുകള്‍ മുകളില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന പള്ളിമണി നോക്കി മിണ്ടാതെ നിന്നു.

ഏലിക്കുട്ടി കര്‍ത്താവിന്‌ മുന്നില്‍ മുട്ടുകാലില്‍ നിന്നു.ജപമാലയിലെ ഈശോയെ നെഞ്ചോട്‌ ചേര്‍ത്തു, മനഃമുരുകി പ്രാര്‍ത്ഥിച്ചു. ചങ്കിലെ മിടിപ്പ്‌ മുത്തുമാലയില്‍ മുട്ടികൊണ്ടിരുന്നു.

"കര്‍ത്താവേ..ഇതെങ്ങാനം അച്ചായനറിഞ്ഞാ..പിന്നെ ചത്താ മതിയായിരുന്നു." പതം പറഞ്ഞ വാക്കുകള്‍ക്കുള്ളില്‍ ചങ്കില്‍ എരിഞ്ഞ വേവുണ്ടായിരുന്നു. കരച്ചിലിനും പ്രാര്‍ത്ഥനയ്ക്കുമിടയ്ക്ക്‌ കൈയൂങ്ങി നെഞ്ചിന്‌ ഒരിടി വച്ചു കൊടുത്തു ഏലിക്കുട്ടി. ആ നേരം അവള്‍ക്ക്‌ പിന്നിലെ ഫോണ്‍ വിളിച്ചു.

"ഏലിയേ....ഇത്‌ ഞാനാടീ ..നിയെവിടാ ന്റെ.. പൊന്നേ..."

അത്‌ ഫെര്‍ണ്ടാസായിരുന്നു. അയാളുടെ ശബ്ദം ദാഹിച്ചതു പോലെയെങ്കിലും വാക്കുകളില്‍ നിറയെ ഏലിക്കുട്ടിയോടുള്ള പ്രണയമായിരുന്നു.അവള്‍ ഫെര്‍ണ്ടാസിണ്റ്റെ സ്നേഹത്തിലേക്ക്‌ വിളികേട്ടു.

"എന്നാ..ഏലിയേ..കേള്‍ക്കുന്നതൊക്കെ... ഏനി ഞാനെങ്ങനെ ആലിസിന്റെ മുഖത്ത്‌ നോക്കും നീ പറ." ഒറ്റപ്പെടുത്തിയ വാക്കുകളായിരുന്നു ഏലിക്കുട്ടിയെ പൊള്ളിച്ചത്‌. ആ തകര്‍ച്ചയില്‍ അവളുടെ ജീവിതവും സ്വപ്നങ്ങളുമുണ്ടായിരുന്നു.

"ഒക്കെ തകര്‍ത്തിട്ട്‌ ഒരു പുണ്യാളന്‍ , എന്നാത്തിനായിരുന്നു ..ചതിയനാ നിങ്ങള്‌..വിശ്വസിക്കാന്‍ കൊള്ളരുതാത്തോന്‍.ഇനി ഞാനെങ്ങനെ ന്റെ പിള്ളേരടപ്പനുമായി എടവകയിലൂടെ നടക്കുമെന്റെശോയേ...."

പിന്നിട്‌ ഏലിക്കുട്ടിയുടെ ശബ്ദം കരച്ചിലായിരുന്നു. ഭര്‍ത്താവ്‌ ശവപ്പെട്ടി കച്ചവടക്കാരന്‍ ഒരു ചാക്കോയും രണ്ടും,മൂന്നും വയസ്സ്‌ പ്രായമുള്ള മക്കളുമൊത്തൊരു ജീവിതമായിരുന്നു ഏലിക്കുട്ടിയുടേത്‌. ഇടയ്ക്‌ അവളുടെ ഏകാന്തതയെ സമ്പന്നമാക്കി ഫെര്‍ണാണ്ടസും.ആ ജീവിതങ്ങളുടെ സമാധാനങ്ങളിലേക്കാണ്‌ ഫെര്‍ണാണ്ടസ്‌ ഫോണ്‍ കോളായെത്തിയത്‌.കേട്ടത്‌ പലവീടുകളിലേയും ഒതുക്കി പിടിച്ച മനസ്സുകളായി.ഫോണിലെ സംസാരങ്ങള്‍ക്ക്‌ പിന്നില്‍ സംശയത്തിന്റെ നോട്ടങ്ങള്‍ .

വര്‍ത്തമാനത്തിന്റെ വാതയാനം തുറന്ന പൌലോസിനെ ചുറ്റിപ്പിടിച്ചത്‌ മുഖങ്ങളായിരുന്നു. എത്രയെന്നും ആരെന്നും തിരിച്ചറിയാന്‍ കഴിയാത്ത വേവലാതിയ്ക്കുള്ളില്‍ പൌലോസ്‌ മുറിയ്ക്കുള്ളില്‍ ചുറ്റി നടന്നു, കരങ്ങളുയര്‍ത്തി ഉടയവനെ വിളിച്ചു. വിശുദ്ധവസ്ത്രമണിഞ്ഞ്‌ പറന്നിറങ്ങുന്ന മാലഖമാരുടെ കാഴ്ച പൌലോസിന്‌ നഷ്ടം വരുന്നതായി തോന്നിച്ചു.

പഴയ ജീവിതം ഉപേക്ഷിച്ച്‌ ആത്മിയതയില്‍ മനസ്സ്‌ തറച്ച്‌ ബാക്കി ജീവിതം കാരുണ്യമാക്കി പകരുകയായിരുന്നു പൌലോസ്‌. അല്‍പം മനഃശാന്തി തേടി പൌലോസ്‌ മത്തായി സുവിശേഷം പത്താം അദ്ധ്യായം തുറന്നു.

" മനുഷ്യരുടെ മുന്നില്‍ എന്നെ ഏറ്റു പറയുന്ന ഏവനേയും സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്‌ മുന്നില്‍ ഞാനും ഏറ്റു പറയും. എന്നെ തള്ളി പറയുന്നവനയോ..എന്റെ പിതാവിന്‌ മുന്നില്‍ ഞാനും തള്ളി പറയും." സുവിശേഷ വരികള്‍ക്കിടയിലൂടെ പൌലോസ്‌ ഒറ്റപ്പെട്ട്‌ നടന്നു.

നഗരത്തില്‍ ഇണ്റ്റര്‍നെറ്റ്‌ കഫേ നടത്തിരുന്ന സുമുഖനായ ചെറുപ്പക്കരനായിരുന്നു പൌലോസ്‌. നീണ്ട്‌,മെലിഞ്ഞ്‌ മനോഹര കൈവിരലുകളുള്ള പെണ്‍കുട്ടികളുടെ സൌന്ദര്യം അയാളുടെ കണ്ണുകള്‍ കുടിച്ചു. തുടര്‍ന്ന്‌ പൌലോസിന്റെ രാവുകള്‍ക്ക്‌ ഓരോ സുന്ദരികളുടെ പേരുകളായിരുന്നു.ഇടയ്ക്‌ എപ്പോഴോ അയാളുടെ മനസ്സ്‌ പ്രാര്‍ത്ഥനയുടെ നേരുകളിലേക്ക്‌ മുട്ടുകുത്തി. അങ്ങനെ, കഫേ പൂട്ടി വെള്ളവസ്ത്രം ധരിച്ച്‌ ഇടവകയില്‍ പ്രബോധനം പഠിപ്പിച്ചു.

അവിടേക്ക്‌, അന്നയും,സൂസിയും,ക്ളാരയുമെത്തിയത്‌ പൌലോസിനെ തേടിയായിരുന്നു. അവര്‍ ചങ്കെരിഞ്ഞ്‌ പൌലോസിനോട്‌ പറഞ്ഞു. "ഞങ്ങടെ ജീവിതം തുടങ്ങീട്ടെ ഒള്ളായിരുന്നു, ആ സ്നേഹമായിരുന്നു,സന്തോഷമായിരുന്നു പൌലോസേ ..നിങ്ങള്‍ തട്ടിയെറിഞ്ഞെ...."ശ്വാസം കുടുങ്ങി നിന്നു പോയ സൂസി ഭര്‍ത്താവിനെക്കുറിച്ച്‌ ഓര്‍ത്തു പോയി.കോര, ബാങ്ക്‌ ഉദ്യോഗസ്ഥനും സുന്ദരനും സല്‍ സ്വഭാവിയുമായിരുന്നു.അയാള്‍ പാലില്‍ നാട്ടു വൈദ്യം ചേര്‍ത്തു കുടിച്ച്‌ രാത്രിയിലെ ശ്വാസതടസ്സവും കിതപ്പും നിയന്ത്രിച്ചിരുന്നു.ഭര്‍ത്താവിന്റെ വരവിലേക്ക്‌ ഒരു ചിരിയുമായി കാത്തുനിന്ന സൂസി ഒരു പിടച്ചിലോടെയാണ്‌ ആ വാര്‍ത്തയിലേക്ക്‌ വീണത്‌.പിന്നെ തുടരെ ഫോണ്‍ കറക്കിക്കറക്കി അന്നയേയും സൂസിയേയും ഒപ്പം കൂട്ടി.പൌലോസിന്റെ കഫേയിലെ കണ്ടുമുട്ടലാകണം അവരെ സുഹൃത്തുക്കളാക്കി തീര്‍ത്തത്‌.സൂസിയുടെ നെഞ്ചിടിപ്പിനേക്കാള്‍ ശക്തമായിരുന്നു അന്നയുടെ വാക്കുകള്‍. "ഇറക്കി വിട്ടാ മറ്റെവിടെയും പോകാതെ ഞാനിങ്ങട്‌ വരും അതുറപ്പാ..എന്റെ ഈ വിരലുകളില്‍ നിങ്ങള്‍ മുത്തം വയ്ക്കുമായിരുന്നില്ലേ..കൊതിയോടെ നാവില്‍ വയ്ക്കാറില്ലായിരുന്ന്വോ...ഇനി ഞാനിവിടില്ലേ..എപ്പോഴും എവിടെവേണേലും."ക്ളാര കരയുക മാത്രം ചെയ്തു.ഭര്‍ത്താവ്‌ സോളമന്‍ മരിച്ച ഓര്‍മ്മ ദിനത്തിലെ പ്രാര്‍ത്ഥനയുടെ കണ്ണീര്‌ അവളുടെ തൊണ്ടയില്‍ പിടഞ്ഞ്‌ കിടന്നു.

പള്ളിമണിയ്ക്‌ കീഴെ ജനങ്ങള്‍ നിറഞ്ഞുകൊണ്ടിരുന്നു..പലകത്തട്ടില്‍ പ്രാവുകള്‍ കുറുകി. അച്ചന്‍ കുരിശ്‌ വരച്ചു. മനസ്സ്‌ നൊന്ത്‌ കര്‍ത്താവിനെ വിളിച്ചു. ഒന്നുമറിയാത്തവരെപ്പോലെ ക്രൂശിച്ച്‌ കുരിശില്‍ തറച്ച ക്രിസ്തുവിന്റെ മുഖം അച്ചനു മുന്നില്‍ നിറഞ്ഞു.

"എന്റെ കുരിശുമേല്‍ കര്‍ത്താവേ..ഇതെന്നാ മറിമായം.എന്റെ തടിപ്പണി ജീവിതത്തീ ഇതാദ്യാച്ചോ..." തടിപ്പണിക്കാരന്‍ ചാണ്ടിമാപ്പിളയുടെ പേടി, പിന്നെ മൌനമായിരുന്നു.

പള്ളിമുറ്റത്ത്‌ ആളുകള്‍ കൂട്ടം കൂടി ആലോചനയിലാണ്ടു. അവരുടെയെല്ലാം തീരുമാനങ്ങളില്‍ ഭിന്നിപ്പില്ലാത്ത സ്വരത്തിന്റെ ശക്തിയുണ്ടായിരുന്നു.അവര്‍ ഊഹിച്ചു.ചിലര്‍ വാതുപറഞ്ഞു വാശിപിടിച്ചു.

"ഈ പറയുവാന്ന്‌ വച്ചാ..അതിപ്പേ്പ്പാ എങ്ങനാന്റെ.. കറിയാച്ചോ... എന്നാ.അറിഞ്ഞിട്ടാ നിങ്ങളീ ചോയിക്കണെ അങ്ങനെ പറയാന്‍ തക്ക അടുക്കും. ക്രമവുമൊന്നുമില്ലന്നേ.. നമ്മടെ ആ കോശി മാപ്പിളല്ലെ..അങ്ങരെടെ സംഭവം കഴിഞ്ഞിട്ടിപ്പോ ആറേഴ്‌ കൊല്ലത്തീ മേലയായില്ലിയോ..എന്നാ വടക്കെ തറയിലെ വര്‍ഗ്ഗീസിണ്റ്റെ കാര്യോ, അത്‌ കഴിഞ്ഞിട്ടിപ്പോ കൊല്ലം ഒന്നല്ലെ ആയുള്ളൂ.. എന്നിട്ടിപ്പോ ഇത്‌ രണ്ടും മുന്‍പും പുറകുമല്ലായിരുന്നോ പറച്ചില്‌. പേര്‌ വിളിച്ച്‌ തുടങ്ങിയാപിന്നെ വീട്ടു പേരും അപ്പന്റെ പേരുമൊക്കെ ഉണ്ടെന്നാ കേക്കണെ..കര്‍ത്താവേ..ഇങ്ങനെ പോയാ..തമ്മീ കൊല്ലാനും മരിക്കാനുമല്ലേ നേരള്ളൂ. "

ആ പ്രശ്നങ്ങളുടെ നടുവിലേക്കാണ്‌ ജ്വല്ലറിയുടെ മതിലു തുരന്ന്‌ ഉള്ളം കണ്ട പത്രോസിനേയും രാത്രിയ്കൊപ്പം അതിര്‌ തന്റെതാക്കിയ ലോനപ്പന്റെയും കൈക്കുള്ള വിലങ്ങുമായി ഒരു പോലീസ്‌ വാന്‍ ഇടവകയിലേക്ക്‌ എത്തിചേര്‍ന്നത്‌.ലോനപ്പനും പത്രോസും പണ്ടെ അച്ചനു മുന്നില്‍ മുട്ടുകുത്തി സമാധാനവും സമ്പാദ്യങ്ങളുമായി ഇടവകയിലെ പ്രമാണിമാരായി തീര്‍ന്നിരുന്നു. ഇന്ന്‌ നഷ്ടം വന്ന സമാധാനം ചേര്‍ത്തു പിടിച്ചവര്‍ അച്ചന്റെമേടയ്ക്ക്‌ കീഴെ കാത്തിരുന്നു.

ഇടവകയിലെ വര്‍ത്തമാനങ്ങളില്‍ നിന്നും കുറച്ച്‌ മാറി കടലിലേക്കാഴ്ന്നിറങ്ങി പോകുന്ന മാത്രകയില്‍ പണികഴിപ്പിച്ച ഒരു മുന്തിയ ഹോട്ടലിലെ ബാറിലെ ഇത്തിരി വെളിച്ചത്തിന്‌ കീഴെയിരുന്ന്‌ ജോണ്‍ വര്‍ഗ്ഗീസപ്പോള്‍ ബ്ളൂലേബല്‍ വിസ്കി വെള്ളം പകരാതെ അകത്തേക്കൊഴുക്കി. തൊണ്ടക്കുഴി കത്തി ഒരാളല്‍. ഉള്ളിലെ അണയാത്ത കനലുകളൊക്കയും വീണ്ടും തീയാക്കി മാറ്റുകയായിരുന്നു ജോണ്‍. ഓര്‍മ്മകളുടെ കുഴയലില്‍ ഗ്ളാസിന്റെ വക്കിലേക്ക്‌ കുപ്പി ഒരിക്കലൂടെ മുട്ടിച്ചു ജോണ്‍. ആ നേരം മേശയുമേലെ സെല്‍ഫോണില്‍ വന്നെത്തിയത്‌ ഗ്ളാഡിസ്സായിരുന്നു. -"എന്റെ പ്രിയപ്പെട്ടവളെ " ജോണ്‍ പുന്നാരത്തോടെ ഫോണ്‍ കൈയിലെടുത്തു മുത്തം നല്‍കി. നെഞ്ചോട്‌ ചേര്‍ത്തു. " നിന്നെയോര്‍ത്തോര്‍ത്ത്‌ ദാ..ഞാനിവിടെ തനിച്ച്‌,ഹൊ,വല്ലാതെ ബോറാകുന്നു.നീ എന്റെ കൊതി തീരാത്ത നീര്‍മതളമല്ലെ.. " ഫോണിലൂടെ അവളുടെ ഹൃദയത്തിലേക്ക്‌ ഇറങ്ങി പോകവെ ജോണിനെ കുറുകെ ഗ്ളാഡിസ്‌ പറഞ്ഞു. -" ജോണ്‍.. പ്ളീസ്‌, നിനക്കൊന്നു വരാമോ വേഗം" ഒരാഴ്ചയായപ്പോഴെക്കും നിനക്കവനെ മടുത്തുവോ..ജീവിതമായാല്‍ ഇങ്ങനെ ആസ്വദിച്ചു ആസ്വദിച്ച്‌ ഒരു ദിനം പടേന്നങ്ങ്‌..ഹെണ്റ്റെ കര്‍ത്താവേ... ആര്‍ത്തി പിടിച്ച ഒരു വേട്ട മൃഗത്തെപ്പോലെ ചിന്തകള്‍ അയാള്‍ക്കുള്ളില്‍ തിളച്ചു. ജോണ്‍ പാര്‍ക്കിലെത്തി, കാറിന്റെ ഡോറ്‍ വലിച്ചെറിഞ്ഞ്‌ അവളിലേക്ക്‌ വന്നു. "വരു..നമുക്കേതേലും ഹോട്ടലിന്റെ തണുപ്പിലേക്ക്‌ പോയിരിന്നലോ. " - "വേണ്ട.ജോണ്‍, എന്റെയീ അവസ്ഥയില്‍ നിന്ന്‌ നിനക്കെന്നെയൊന്ന്‌ സഹായിക്കമോ... ഗ്ളാഡിസിന്റെ വാക്കുകളില്‍ കുതിര്‍ന്ന നനവില്‍ തൊട്ട്‌ ജോണ്‍ ചോദിച്ചു. ജോണിന്‌ മറുപടിയായി മനസ്സില്‍ കരുതി വച്ച വാക്കുകള്‍ ഹൃദയത്തിന്‌ മേല്‍ തിളയ്ക്കുന്ന വേവലാതിയുടെ അസ്വസ്തത അവള്‍ക്കുള്ളില്‍ വിതുമ്പലായി. ജോണ്‍ അവളുടെ ചുണ്ടുകളില്‍ നോക്കി കാത്തിരുന്നു. അവള്‍ കരച്ചിലില്‍ കുതിര്‍ന്ന വര്‍ത്തമാനം ജോണിന്റെ കാതുകളിലേക്ക്‌ ഇട്ടു കൊടുത്തു. "ജോണ്‍ നീയെന്നെ കുറ്റപ്പെടുത്തരുത്‌, അലക്സിയുടെ മിന്ന്‌ കഴുത്തിലണിയും മുന്‍പേ എന്റെ ഹൃദയം ശുദ്ധമാക്കണമെന്ന്‌ ഞാനാഗ്രഹിച്ചു നീയും ഞാനുമുള്‍പ്പെട്ടെ എല്ലാം. ഒന്നും മറച്ചില്ല ഞാന്‍, പക്ഷെ അന്ന്‌ ഞാന്‍ ഏറ്റു പറഞ്ഞതൊക്കെ ഒരു പകല്‍ പോലെ ഇടവകക്കാര്‍ക്ക്‌ മുന്നില്‍ വെളിപ്പെടാന്‍ പോണൂന്ന്‌ കേള്‍ക്കുമ്പോ. എനിക്കു വയ്യ..ജോണെ." ഉള്ളിലെ വീര്യമത്രയും കത്തിതീര്‍ന്ന വെളിപ്പാടില്‍ ജോണ്‍ കേട്ടിരുന്നു. കുമ്പസരിച്ച്‌, തലതൊട്ട്‌ പരിശുദ്ധയാക്കപ്പെട്ടിപ്പോ.പറഞ്ഞതെക്കയും ഒരു വെളിപാടു പോലെ, കുമ്പസാരകൂട്‌ സംസാരിക്കുന്നത്രേ. വിശ്വസിക്കില്ല ജോണേ..കാണാണ്ട്‌ ആരുമത്‌ വിശ്വസിക്കില്ല. " കേട്ടതൊന്നും മനസ്സിലാകാത്തവനെ പോലെ ജോണ്‍ തലകുമ്പിട്ടിരുന്നു.നട്ടെല്ലില്‍ നിന്നും ഭയത്തിന്റെ നാവ്‌ മേലെക്ക്‌ കടന്ന്‌ അവന്റെ ഹൃദയത്തില്‍ തൊട്ടു. അവിടെ തെളിഞ്ഞ കുമ്പസാരകൂടിന്റെ വശങ്ങളില്‍ പാപത്തിന്റെ പടം പൊഴിയ്ക്കുന്ന കുറെ ജീവിതങ്ങളും. തെറ്റുകളൊഴിഞ്ഞ്‌ വിശുദ്ധിയുടെ കുരിശ്‌ നെറുകയില്‍ തൊടുവിച്ച വിശ്വാസങ്ങള്‍ക്ക്‌ മേലെ വര്‍ത്തമാനം പടര്‍ന്നു കൊണ്ടിരുന്നു.പലരും ഉള്ളില്‍ പരിശോധകരായി. കണ്ടിറങ്ങിയവരുടെ മനസ്സില്‍ നിറയെ സത്യത്തിന്റയുംെ തകര്‍ന്ന ഹൃദയനോവിന്റെയും നനവുണ്ടായിരുന്നു.ബാക്കിയായവര്‍ ആ കണ്ണുകളിലേയ്ക്ക്‌ മിണ്ടാതെ നിന്നു. രാത്രി. ഇടവകമുറ്റം. ജനങ്ങള്‍. നിലവാവിന്‌ കീഴെ അവര്‍ ഉറങ്ങാതെ കാത്തിരുന്നു.ഉള്ളം നിറയെ പകയുമായി. അവര്‍ക്കിടയില്‍ മൂകസാക്ഷിയായി വികാരിയച്ചന്‍.മിഴികളില്‍ ആകാശവും മനസ്സുനിറച്ച്‌ പ്രാര്‍ത്ഥനയുമായി നിന്നു. ഒറ്റ ദിവസം കൊണ്ട്‌ അന്യമാക്കപ്പെട്ട ജീവിതങ്ങള്‍ക്ക്‌ മേലെ നിലവിളിയുയര്‍ന്നു. പിതൃത്വം ചോദ്യം ചെയ്യപ്പെട്ട മക്കളെ ചേര്‍ത്തു കേഴുന്നവര്‍. താലിയ്ക്‌ മേലെ മറ്റൊരു പുരുഷന്റെ മുഖം ചേര്‍ത്തവര്‍.ചോരകറയുടെ സത്യം കഴുകിയൊഴിഞ്ഞവര്‍. അങ്ങനെയങ്ങനെ ജാലകക്കൂടിലേക്ക്‌ മനസ്സ്‌ ചേര്‍ത്ത വിചാരങ്ങളെല്ലാം കര്‍ത്താവിന്‌ മുന്നില്‍ വച്ചവര്‍ മുട്ടുകുത്തി. മനസ്സുകളുടെ ആഴങ്ങളിലെക്ക്‌ മഴ തിമര്‍ത്തു.ആ രാത്രിയ്ക്കുമപ്പുറം ഒരു പകലുണ്ടായി. വീണ്ടും രാത്രികളും പകലുകളുമുണ്ടായിക്കൊണ്ടേയിരുന്നു. മരണത്തിന്റെ വിളര്‍ച്ചകളില്‍ മഴ പതിയിരുന്നു. മഴയൊഴിഞ്ഞ പകല്‍.വെയില്‍ നരച്ചു.കാറ്റില്‍ ജീവന്റെ ഒച്ചയക്കം.അടക്കിയ കരച്ചില്‍.ഭയം തിരയുന്ന കണ്ണുകള്‍ ചിതറിപ്പോയ ജീവിതങ്ങള്‍ക്ക്‌ സാക്ഷ്യം നിന്നു. കാഴ്ചയുടെ ദിക്ക്‌ അവസാനിക്കുന്നിടത്ത്‌, മണ്ണിലേക്ക്‌ ആഴ്‌ന്നു പോയ ഒരു കുമ്പസാരകൂട്‌. സത്യങ്ങള്‍ പെയ്‌തൊഴിഞ്ഞ കൂടിന്‌ കീഴെ മരണം വലിച്ച്‌ കൊണ്ടുപോയ ഒരു ജീവിതം.ആയുസിണ്റ്റെ ഒടുക്കത്തെ പിടച്ചിലെപ്പോഴോ ഹൃദയത്തിലേക്ക്‌ ചേര്‍ത്തു വച്ച ആ കൈയ്ക്കുള്ളില്‍ പൊട്ടിപ്പോയ ജപമലയില്‍ കുടുങ്ങി കര്‍ത്താവ്‌. ബാക്കി കൊന്തമണികള്‍ കുമ്പസാരകൂടിന്റെ ജാലകപഴുതിലൂടെ ഒന്നൊന്നായി ഊര്‍ന്ന്‌ അയാളുടെ നെറുകയിലേക്ക്‌ അങ്ങനെയങ്ങനെ...

Monday, February 01, 2021

പറയാനായിരിക്കുന്നതാണ് കഥ

                                                                                                                                        കഥ

ആമുഖക്കുറിപ്പ്:- 

             പ്രിയപ്പെട്ടവരെ, ഒരു കഥാകൃത്തിന്റെ ഡയറിയില്‍ നിന്ന് നഷ്ടപ്പെട്ടതോ നഷ്ടപ്പെടുത്തിയതോ ആയ ഈ താളുകള്‍ തികച്ചും യാദൃശ്ചിമായിട്ടാണ്‌ എനിക്ക്‌ കിട്ടിയത്‌. ഇതിലെ വരികള്‍ കഥയായിട്ടോ അനുഭവകുറിപ്പായായോ വായിച്ചെടുക്കാം. യുക്തിഭദ്രത കാലത്തിനനുയോജ്യമാണോ എന്ന വിഷമഘട്ടത്തി ലായിരിക്കണം   ഈ താളുകളെ ചീന്തിയെറിയാന്‍ ഒരു പക്ഷെ  കഥാകൃത്ത്‌ തുനിഞ്ഞത്‌. ഇത്തരം ഒരു സാഹചര്യത്തില്‍... എൻ്റെ  പ്രിയപ്പെട്ട വായനക്കാരാ....നിൻ്റെ  മനസ്സില്‍ വായനക്കൊപ്പം വിശാലമായ ഒരു കാന്‍വാസ്‌ കൂടി തീര്‍ക്കേണ്ടി വരുന്നു.

കഥാബീജത്തിലേക്ക്‌:- 

             ഡിസംബറിലെ തണുപ്പ്പ്പുള്ള ഒരു രാത്രി. ക്രീക്കിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്‌   രണ്ടുപേര്‍   എന്തോ   സംസാരിക്കുന്നുണ്ടായിരുന്നു.  അവര്‍ക്കിടയിലെ ഗ്ലാസുകള്‍ നിറഞ്ഞും, കുപ്പി പകുതി കാലിയുമായിരുന്നു.  ദീര്‍ഘസംഭാഷ ണത്തിനൊടുവില്‍ നിശബ്ദതയിൽതൊട്ടു അവർ .

        ആ നേരം ഒരു കിലോമീറ്റര്‍ അപ്പുറത്തെ പതിനെട്ട്‌ നിലകളുള്ള റോയല്‍ ടവറിൻ്റെ  പതിമൂന്നാം നമ്പറിലെ പട്ടുകിടക്കയില്‍ അവള്‍ കിടന്നു. ഉറങ്ങിപ്പോയിരിക്കണം, മണി പന്ത്രണ്ടു കഴിഞ്ഞിരുന്നു.       ആ മുഖത്തിനുനേരെ കുഞ്ഞിൻ്റെ ചിരി. ഉറക്കത്തിലും ഉണര്‍വ്വിലും അവളുടെ മുഖത്തിനു നേരെ ചിരിക്കുവാനാണ്‌ അത്‌, അവിടെ തൂക്കിയിട്ടിട്ടുള്ളത്‌. 

     കാലുകള്‍ കുഴഞ്ഞ്‌,സ്യൂട്ട്കേസ്‌ എറിഞ്ഞ്‌, നെക്ക്‌ ടൈയും ഷൂലേസും അഴിച്ച്‌ അയാള്‍ വീണു, അവള്‍ക്കരുകില്‍. .മസ്തിഷ്ക്കത്തിലെ പിരിമുറുക്കം വിട്ടകന്നപ്പോള്‍ അവളോട്‌ പറയുകയായിരുന്നു, ആ തണുത്ത രാത്രിയില്‍ സുഹൃത്തിനോട്‌ പകര്‍ന്ന വിവരം. മറുപടി ഉള്ളിലെ വെറുപ്പില്‍ ദഹിപ്പിച്ച നോട്ടമായിരുന്നു.           സ്നേഹനിര്‍ബ്ബദ്ധത്തിനൊടുവില്‍ കുഞ്ഞിൻ്റെ ചിരിയുടെ ലാളിത്യത്തിലേക്ക്‌ അവളുടെ പാതിയടഞ്ഞ സമ്മതത്തിന്റെ വാതില്‍പാളി.ഭിത്തിയില്‍ പതിച്ചിരുന്ന കുഞ്ഞിന്റെ ചിരിതൂകിയ ഫോട്ടോയിലേക്ക്‌ അയാള്‍ നിസ്സഹായതയോടെ നോക്കി. ആര്‍ക്ക്‌ മുന്നിലും തുറന്നു പറയാന്‍ കഴിയാത്ത വേവലാതിക്കുള്ളില്‍ അയാളും സുഹൃത്തും കുരുങ്ങി വലിഞ്ഞു. ഒടുവില്‍ മൗനത്തിൻ്റെ സമ്മതത്താല്‍ പിരിഞ്ഞ രാത്രി. അയാള്‍ മനസ്സിനെ യാഥാര്‍ത്ഥ്യത്തിൻ്റെ പകലിലേക്ക്‌ പിഴുതുനട്ടു. സുഹൃത്തു വന്നു. അയാള്‍ ഫ്ലാറ്റിൻ്റെ ബാല്‍ക്കണിയില്‍ നിന്നും താഴെ തിരക്കിലേക്ക്‌ നോക്കി നിന്നു. 

       യാത്രപോലും പറയാതെ സുഹൃത്ത്‌ മടങ്ങി.അയാള്‍ അവളെ ചേര്‍ത്തണച്ചു, സുഹൃത്തിൻ്റെ ചുണ്ടിലെ എരിഞ്ഞണഞ്ഞ സിഗററ്റിൻ്റെ ഗന്ധം അവളുടെ ഉഛ്വാസങ്ങിലൂടെ അയാളറിഞ്ഞു. ആ നിശ്വാസം അയാളില്‍ ആശ്വാസമായും ഹൃദയം തകര്‍ന്ന വേദനയായും നിറഞ്ഞു.അതുമറച്ച്‌, അവളുടെ വിയര്‍പ്പും കണ്ണീരുമൊപ്പി. 

വീണ്ടും. ഡോക്ടര്‍. റിസല്‍ട്ട്‌. സന്തോഷം. 

      അയാള്‍ താരാട്ടു പാട്ടുകള്‍ കാണാതെ പഠിച്ചു. അവള്‍ കുഞ്ഞുടുപ്പുകള്‍ തയ്ച്ചു ആഹ്ലാദം നിറച്ചു. വര്‍ഷാവസാനം, പിറവി അയാള്‍ സുഹൃത്തിനോടൊപ്പം ആഘോഷിക്കുകയായിരുന്നു. സുഹൃത്ത്‌ നിശബ്ദനായിരുന്നില്ല. കണ്ണുകള്‍ നിറഞ്ഞ്‌ ഏങ്ങലോടെ... ഗ്ലാസ്‌ താഴെ വീണു ചിതറി. സുഹൃത്തിൻ്റെ ഭാര്യ ടെസ്റ്റ്‌ റിസല്‍റ്റിലെ ചുവന്ന അക്ഷരങ്ങള്‍ക്ക്‌ മേലെ ഒറ്റപ്പെട്ട്‌ നിന്നു. കുപ്പി വായിലേക്ക്‌ കമഴ്ത്തി മനസ്സിനെ ലഹരിയില്‍ അടക്കി പിടിച്ച്‌ സുഹൃത്ത്‌ ഇപ്പോള്‍ അയാളോട്‌ ചോദിച്ചിരിക്കണം അയാളുടെ മുറിയിലെ ചുവരില്‍ തൂക്കിയിരിക്കുന്ന കുഞ്ഞിൻ്റെ ചിത്രം, അത്‌ ഇനി തൻ്റെ ഉറക്കറയില്‍ തൻ്റെയും, ഭാര്യയുടെ മുഖത്തിനു നേരെ ചിരിക്കുവാനായി.. 

അനുബന്ധം:- 

                കഥാകൃത്ത്‌ കഥവിട്ട്‌ പോയ കാരണങ്ങളൂടെ ഏകദേശരൂപം വായനക്കാരന് ഇപ്പോൾ‌ നിരൂപിക്കാന്‍ സാധിച്ചിരിക്കും. ഈ കഥ പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുശേഷം  ആ കുട്ടിയുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്ന ഓരോ ചോദ്യങ്ങള്‍ക്കും മറുപടി പറയാൻ കഥാകൃത്ത്‌ ബാധ്യസ്ഥനാണ്‌,  ഈ പൂര്‍ണ്ണത തേടി തന്നെയാവണം അദ്ദേഹം കഥവിട്ട്‌ മാറിനിൽക്കുന്നത്   

വാല്‍കഷ്ണം :- 

           ഒരു കഥാകൃത്തിൻ്റെ ഡയറിയില്‍ നിന്നും ചീന്തിയെറിഞ്ഞ താളുകളാണ്‌ ഇവിടെയാധാരം എന്നു എഴുത്തുകാരന്‍ സാക്ഷ്യയപ്പെടുത്തുന്നു. ഇനിയൊരു പക്ഷെ തൻ്റെ ഡയറിയിലെ കുറിപ്പുകള്‍ തുടര്‍ന്ന് എഴുതുവാന്‍, ഈ മിത്ത്‌ വായനക്കാരൻ്റെ   അഭിപ്രായ ക്രോഡീകരണത്തിന്‌ വിട്ട്‌ മാറി നില്‍ക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു... ഇത്തരമൊരു  സാഹചര്യത്തില്‍  സത്യവിചാരണയ്ക്കായി നമുക്ക്‌ കഥാകൃത്തിനോട്‌ തന്നെ ചോദിച്ചാലോ.... ഇനി ഒരു പക്ഷെ അദ്ദേഹത്തിൻ്റെ ഉത്തരം ഇതാകുമോ ?.....

                         "പറയാനിരിക്കുന്നതാണ്‌ കഥ" 

                                                                                                                        എം.എച്ച്‌.സഹീര്‍.

Sunday, March 07, 2010

ജീവന്റെ രേണുക്കള്‍


അറിവിന്റെ ആഴങ്ങളിലേക്ക്‌
മനസ്സ്‌ ചെന്നെത്തുമ്പോള്‍
നേടുന്ന തിരിച്ചറിവാണ്‌
യഥാര്‍ത്ഥ അറിവ്‌,
അതു തന്നെയാണ്‌
ഏറ്റവും വലിയ സമ്പാദ്യം
-
വീഴ്ചകള്‍ നമ്മെ നോവിക്കുമ്പോള്‍
മാത്രമേ ഉയര്‍ച്ചയുടെ
ആഹ്ളാദം നാം അറിയുകയുളൂ.
-
നാം നമ്മെ വിലയിരുത്താതെ
അറിയുന്നവരുടെ മനസ്സിലൂടെ
അറിയുക.
-
അക്ഷയപാത്രമാണ്‌ സ്നേഹം.
ചൊരിഞ്ഞാലെ നിറയൂ.
-
അവസാനം വരെയും പ്രതീക്ഷ
നല്‍കുന്ന ഹൃദയമാണ്‌ ഏറ്റവും ഉന്നതം
-
അമ്മയുടെ ഗര്‍ഭഗൃഹത്തോളം
സുരക്ഷിതവും സാന്ത്വനവും സ്നേഹവും
ലഭിക്കുന്ന ഒരൊറ്റ പാര്‍പ്പിടവും
ഈ ഭൂമിയിലുണ്ടാവില്ല.

Wednesday, February 21, 2007

അധ്യായം തുടരുന്നു....കഥ സൂസന്ന




കഥ
1.
രാവുണരും മുന്‍പേ രാവുത്തര്‍ ഉണര്‍ന്നു.കടലും മീനുമാണിപ്പോള്‍ അയാളുടെ മനസ്സ്‌ നിറയെ, മടങ്ങി വരുമ്പോള്‍ വള്ളം നിറച്ച്‌ മത്സ്യം കിനാവ്‌ കണ്ടുയാള്‍ തുഴഞ്ഞു.സ്വന്തമായി ഒരു വള്ളവും വലയും, എന്നോ മോഹമായി നിറഞ്ഞ സൂസന്നയും രാവുത്തറുടെ സ്വപ്നമായിരുന്നു.
2.
ഉച്ച വിയര്‍ത്തപ്പോള്‍, സൂസന്ന കുളി കഴിഞ്ഞ്‌ തല തുവര്‍ത്തി അടുപ്പത്ത്‌ വെള്ളം വച്ചു. മത്തി ഉപ്പിട്ട്‌ ഉലര്‍ത്തി വരഞ്ഞ്‌, മുളകുപൊടി വിതറി. ലൂക്കാസ്‌ അവളോട്‌ യാത്രചോദിച്ച്‌ മടങ്ങുവാന്‍ ഒരുങ്ങി. വൈകിയ രാത്രിയുടെ ഉറക്കം അയാളുടെ കണ്ണുകളില്‍ തൂങ്ങി. സൂസന്ന, ലൂക്കാസിന്റെ നെഞ്ചില്‍ വീണു പറഞ്ഞു, ഇന്നലെത്തെപ്പോലെ നീ എനിക്കൊപ്പം രാവാകണം.ഒട്ടികിടക്കണം.സ്വപ്നം കാണണം. ലൂക്കാസ്‌ ചിരിച്ചു.അവളെ നെഞ്ചോട്‌ ചേര്‍ത്ത്‌ നെറുകയില്‍ ചുണ്ടമര്‍ത്തി.പെണ്ണുകള്‍ക്ക്‌ ഭയമായിരുന്നു രാവുത്തറെ.അവര്‍ കര്‍ത്താവിനോട്‌ മനമുരുകി പ്രാര്‍ത്ഥിച്ചു. രാവുത്തറുടെ കാല്‍പ്പാടു പതിയാത്ത, കതകില്‍ മുട്ടുകേള്‍ക്കാത്ത ഒരു രാത്രിയ്ക്ക്‌ വേണ്ടി.
3.
കരയില്‍, ഭര്‍ത്താക്കന്മാര്‍ രാവുത്തറുടെ പങ്കായപിടിക്ക്‌ മുന്നില്‍ മൗനം തുഴഞ്ഞു. അയാളുടെ കാല്‍പ്പാടു പതിയുന്ന മണ്ണും പെണ്ണും ആ രാവിനൊപ്പം രാവുത്തര്‍ക്ക്‌ സ്വന്തമായിരുന്നു. എതിര്‍ക്കുന്ന നാവ്‌ കടലമ്മയ്ക്‌. രാത്രികളില്‍ അവര്‍ ചങ്കിന്റെ മിടിപ്പിന്‌ മേല്‍ കര്‍ത്താവിനെ ചേര്‍ത്ത്‌, പ്രാര്‍ത്ഥിച്ച്‌, കണവനെ ഹൃദയത്തില്‍ മാത്രം സൂക്ഷിച്ചു. അവരുടെ സ്നേഹം,സാമിപ്യം കൊതിച്ചു കൊതിച്ച്‌ കിനാവില്‍ മാത്രം രമിച്ചു. ശരീരത്തെ ആര്‍ത്തി തിന്നുമ്പോഴും ഭയക്കുന്ന മനസ്സിന്‌ കണ്ണുകള്‍ കാവല്‍ നിന്നു. അങ്ങകലെ മണല്‍പരപ്പിന്റെ നിഴലില്‍ രാവുത്തറുടെ ചലനം തേടുന്ന മനസ്സുമായി അവര്‍ രാത്രികളെ പകലുകളാക്കി കഴിഞ്ഞു.
4.
രാവുത്തര്‍ കടലമ്മയുടെ മാറിലേക്ക്‌ തുഴഞ്ഞു. വള്ളവും വലയും കള്ളി നിറച്ച്‌ മീനും അയാള്‍ക്ക്‌ മുന്നില്‍ യാഥാര്‍ത്ഥ്യമായി. തലേന്ന് രാത്രി വിലപേശിയുറപ്പിച്ച സുല്‍ത്താന്‍ ഖാദറിന്റെ വള്ളവും വലയ്ക്കുമൊപ്പം സ്വന്തമാക്കാന്‍ ഉറപ്പിച്ച സൂസന്നയെന്ന സ്വപ്നവും മുന്നില്‍പ്പെട്ട സ്രാവിന്റെ കരളിലെറിഞ്ഞ ചൂണ്ടയില്‍ കുരുങ്ങി വലിഞ്ഞു.. പ്രാണന്‍ പിടച്ച വേദനയില്‍ കൊമ്പന്‍ സ്രാവിന്റെ കുത്തിമറിക്കലില്‍പ്പെട്ട്‌ രാവുത്തറുടെ വള്ളം ചുഴിയുടെ ആഴങ്ങളില്‍ കറങ്ങി മറിഞ്ഞു.
5.
കടല്‍ക്കരയില്‍ പെണ്ണുങ്ങള്‍ കൂട്ടം കൂടിയിരുന്നു പാട്ടുപാടി പേന്‍ കൊന്നു.ഇളകുന്ന തിരകളെ നോക്കിയവര്‍ കഥകള്‍ പറഞ്ഞു.കാറ്റ്‌, ചാകര കൊണ്ടുവന്നു.കടപ്പുറത്ത്‌ ഉത്സവം ആരംഭിച്ചു. നേര്‍ച്ചകള്‍ കടലമ്മയ്ക്ക്‌ നല്‍കി. സിനിമ കണ്ടു.നിറമുള്ള കുപ്പായങ്ങള്‍ വാങ്ങി.പുല്‍പ്പായും പാത്രങ്ങളും വീടിനെ അലങ്കരിച്ചു.
6.
കടല്‍ ഇളകി. കടലിലും കരയിലും മഴപെയ്തു. സൂസന്നയുടെ മുന്നില്‍ മെഴുകുതിരികള്‍ ഉരുകി.അവള്‍ ഹൃദയം തൊട്ട്‌ കര്‍ത്താവിനെ വിളിച്ചു.തിരകള്‍ക്കിടയില്‍ നിന്ന് നടന്ന് വരുന്ന ഭര്‍ത്താവിനെ അവള്‍ പ്രാര്‍ത്ഥനയില്‍ കണ്ടു.
7.
പുലരി.സൂസന്നയുടെ കരഞ്ഞ്‌ ചീര്‍ത്ത കണ്ണുകളില്‍ കടല്‍ ഇളകി. ജനക്കൂട്ടം.കരക്കടിഞ്ഞ ശവത്തിന്‌ മേല്‍ കാക്കകള്‍ വട്ടമിട്ടു പറന്നു.സ്ത്രീകള്‍ മൂക്കത്ത്‌ വിരല്‍ വച്ച്‌ അതിശയം പറഞ്ഞു. പ്രാര്‍ത്ഥനപൂര്‍വ്വം കര്‍ത്താവിന്‌ സ്തുതി ചൊല്ലി.സുസന്ന കുരിശ്‌ വരച്ചു. നിന്ന നില്‍പ്പില്‍ മുട്ടുകാലായി. കര്‍ത്താവിന്റെ സ്നേഹം കാറ്റായി,കരുണയായി അവളെ തഴുകി.
8.
പങ്കായം തോളത്തു വച്ച്‌ ലൂക്കാസ്‌ കര കടന്ന് വന്നു.സൂസന്നയുടെ കണ്ണുകളില്‍ ആനന്ദം. ലൂക്കാസിന്റെ കൈകള്‍ സൂസന്നയെ വരിഞ്ഞ്‌ കെട്ടി. അടര്‍ത്തി മാറ്റി സൂസന്ന അയാള്‍ക്ക്‌ പൊള്ളിച്ചമീനും കപ്പയും പകര്‍ന്നു.ലൂക്കാസ്‌ അവളെ ആദ്യത്തെ പോലെ വീണ്ടും കണ്ടു. അവളുടെ ചുണ്ടുകളിലെ സ്നേഹം അയാള്‍ മുത്തികുടിച്ചു.സുസന്ന ചുവന്നു തുടുത്തു.
9.
പെട്ടി തുറന്ന്, മിന്നും പുടവയും വീണ്ടുമെടുത്ത്‌ മുത്തം വച്ചു.ലൂക്കാസിന്റെ കൈകളില്‍ വച്ചു കൊടുത്തു സൂസന്ന.രണ്ടു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ലൂക്കാസ്‌ സൂസന്നയെ മിന്ന് ചാര്‍ത്തിയ അള്‍ത്താര വീണ്ടുമാവര്‍ത്തിച്ചു. അച്ചന്‍ കുര്‍ബാന ചൊല്ലി ഗായകസംഘത്തിന്റെ ഈണം കറ്റിനൊപ്പം കുടിലിലെത്തി. സൂസന്ന അയാളില്‍ നിറഞ്ഞു.ആലസ്യത്താല്‍ ലൂക്കാസ്‌ മയങ്ങി.സൂസന്ന പുറത്തെ കടലിനെ അരുമയോടെ നോക്കി.കടല്‍ തണുത്ത കാറ്റ്‌ വീശി.മുറിക്കകം പങ്കായപിടിയിലെ ചോരക്കറ ഗന്ധം പടര്‍ന്ന് കയറി.ആ ചുടുകാറ്റ്‌ അവളുടെ വിയര്‍പ്പുനക്കി.സൂസന്ന, പങ്കായക്കറ കഴുകി വാഴചോട്ടിലൊഴിച്ചു.
10.
കടപ്പുറം വീണ്ടും സജീവമായി.അള്‍ത്താരക്ക്‌ മുന്നില്‍ പെണ്‍കുട്ടികളെ ലാസറും വറീതും ജോസഫും മിന്നുകെട്ടി.രാത്രിയെ രാവുത്തറെ ഭയക്കാതെ അവര്‍ ഉറങ്ങി.സ്വപ്നം കണ്ടു.മീശ പിരിച്ച രാവുത്തറുടെ വാതില്‍ മുട്ട്‌ കര മറന്നു തുടങ്ങി. ലാസറും വറീതും ജോസഫും പാപ്പന്മാരായി. കഥയിലേക്ക്‌ ഒരിക്കലും കടന്ന് വരാതെ വഴിമാറി നടന്ന മൊയ്തു ഇന്നും മക്കൊളൊന്നുമാകാതെ,ഡോക്ടറെ കാണാതെ നേര്‍ച്ചയും മന്ത്രവുമായി..അങ്ങനെ..യങ്ങനെ..

എം.എച്ച്‌.സഹീര്‍


Tuesday, February 06, 2007

അഭിപ്രായം നിങ്ങള്‍ക്കും പറയാം


കഥ
ആമുഖക്കുറിപ്പ്:-

പ്രിയപ്പെട്ടവരെ, ഒരു കഥാകൃത്തിന്റെ ഡയറിയില്‍ നിന്ന് നഷ്ടപ്പെട്ടതോ നഷ്ടപ്പെടുത്തിയതോ ആയ ഈ താളുകള്‍ തികച്ചും യാദൃശ്ചിമായിട്ടാണ്‌ എനിക്ക്‌ കിട്ടിയത്‌. ഇതിലെ വരികള്‍ കഥയായിട്ടോ അനുഭവകുറിപ്പായായോ വായിച്ചെടുക്കാം. യുക്തിഭദ്രത കാലത്തിനനുയോജ്യമാണോ എന്ന വിഷമഘട്ടത്തിലാവണം ഈ താളുകളെ ചീന്തിയെറിയാന്‍ കഥാകൃത്ത്‌ തുനിഞ്ഞത്‌. ഇത്തരം ഒരു സാഹചര്യത്തില്‍.... എന്റെ പ്രിയപ്പെട്ട വായനക്കാരാ....നിന്റെ മനസ്സില്‍ വായനക്കൊപ്പം വിശാലമായ ഒരു കാന്‍വാസ്‌ കൂടി തീര്‍ക്കേണ്ടി വരുന്നു.

കഥാബീജത്തിലേക്ക്‌:-

ഡിസംബറിലെ തണുപ്പുള്ള ഒരു രാത്രി. ക്രീക്കിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്‌ രണ്ടുപേര്‍ സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ക്കിടയിലെ ഗ്ലാസുകള്‍ നിറഞ്ഞും കുപ്പി പകുതി കാലിയുമായിരുന്നു. ദീര്‍ഘസംഭാഷണത്തിനൊടുവില്‍ നിശ്ശബ്ദതയില്‍ എത്തിയവര്‍.
ആ നേരം ഒരു കിലോമീറ്റര്‍ അപ്പുറത്തെ പതിനെട്ട്‌ നിലകളുള്ള റോയല്‍ ടവറിന്റെ പതിമൂന്നാം നമ്പറിലെ പട്ടുകിടക്കയില്‍ അവള്‍ കിടന്നു. ഉറങ്ങിപ്പോയിരിക്കണം, മണി പന്ത്രണ്ടു കഴിഞ്ഞിരുന്നു.ആ മുഖത്തിനുനേരെ കുഞ്ഞിന്റെ ചിരി. ഉറക്കത്തിലും ഉണര്‍വ്വിലും അവളുടെ മുഖത്തിനു നേരെ ചിരിക്കുവാനാണ്‌ അത്‌,അവിടെ തൂക്കിയിട്ടിട്ടുള്ളത്‌.

കാലുകള്‍ കുഴഞ്ഞ്‌,സ്യൂട്ട്കേസ്‌ എറിഞ്ഞ്‌,നെക്ക്‌ ടൈയും ഷൂലേസും അഴിച്ച്‌ അയാള്‍ വീണു, അവള്‍ക്കരുകില്‍.മസ്തിഷ്ക്കത്തിലെ പിരിമുറുക്കം വിട്ടകന്നപ്പോള്‍ അവളോട്‌ പറയുകയായിരുന്നു
ആ തണുത്ത രാത്രിയില്‍ സുഹൃത്തിനോട്‌ പകര്‍ന്ന വിവരം. മറുപടി ഉള്ളിലെ വെറുപ്പില്‍ ദഹിപ്പിച്ച നോട്ടമായിരുന്നു. സ്നേഹ- നിര്‍ബ്ബദ്ധത്തിനൊടുവില്‍ കുഞ്ഞിന്റെ ചിരിയുടെ ലാളിത്യത്തിലേക്ക്‌ അവളുടെ പാതിയടഞ്ഞ സമ്മതത്തിന്റെ വാതില്‍പാളി. ഭിത്തിയില്‍ പതിച്ചിരുന്ന കുഞ്ഞിന്റെ ചിരിതൂകിയ ഫോട്ടോയിലേക്ക്‌ അയാള്‍ നിസ്സഹായതയോടെ നോക്കി. ആര്‍ക്ക്‌ മുന്നിലും തുറന്നു പറയാന്‍ കഴിയാത്ത വേവലാതിക്കുള്ളില്‍ അയാളും സുഹൃത്തും കുരുങ്ങി വലിഞ്ഞു. ഒടുവില്‍ മൗനത്തിന്റെ സമ്മതത്താല്‍ പിരിഞ്ഞ രാത്രി.
അയാള്‍ മനസ്സിനെ യാഥാര്‍ത്ഥ്യത്തിന്റെ പകലിലേക്ക്‌ പിഴുതുനട്ടു.

സുഹൃത്തു വന്നു. അയാള്‍ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴെ തിരക്കിലേക്ക്‌ നോക്കി നിന്നു. കാഴ്ചകള്‍ മറച്ചുകൊണ്ട്‌ മണല്‍ക്കാറ്റ്‌ വീശി, ഒന്നു നോക്കാതെ, യാത്രപോലും പറയാതെ സുഹൃത്ത്‌ മടങ്ങി. അയാള്‍ മനസ്സിന്റെ ഭയങ്ങള്‍ക്ക്‌ മേലെ അവളെ ചേര്‍ത്തണച്ചു. സുഹൃത്തിന്റെ ചുണ്ടിലെ എരിഞ്ഞണഞ്ഞ സിഗററ്റിന്റെ ഗന്ധം അവളുടെ ഉഛ്വാസങ്ങിലൂടെ അയാളറിഞ്ഞു. ആ നിശ്വാസം അയാളില്‍ ആശ്വാസമായും ഹൃദയം തകര്‍ന്ന വേദനയായും നിറഞ്ഞു. അതുമറച്ച്‌, അവളുടെ വിയര്‍പ്പും കണ്ണീരുമൊപ്പി.

വീണ്ടും ഡോക്ടര്‍.റിസല്‍ട്ട്‌.സന്തോഷം. അയാള്‍ താരാട്ടു പാട്ടുകള്‍ കാണാതെ പഠിച്ചു. അവള്‍ കുഞ്ഞുടുപ്പുകള്‍ തയ്ച്ചു ആഹ്ലാദം നിറച്ചു. വര്‍ഷാവസാനം, പിറവി അയാള്‍ സുഹൃത്തിനോടൊപ്പം ആഘോഷിക്കുകയായിരുന്നു. സുഹൃത്ത്‌ നിശബ്ദനായിരുന്നില്ല. കണ്ണുകള്‍ നിറഞ്ഞ്‌ ഏങ്ങലോടെ... ഗ്ലാസ്‌ താഴെ വീണു ചിതറി. സുഹൃത്തിന്റെ ഭാര്യ ടെസ്റ്റ്‌ റിസല്‍റ്റിലെ ചുവന്ന അക്ഷരങ്ങള്‍ക്ക്‌ മേലെ ഒറ്റപ്പെട്ട്‌ നിന്നു. കുപ്പി വായിലേക്ക്‌ കമഴ്ത്തി മനസ്സിനെ ലഹരിയില്‍ അടക്കി പിടിച്ച്‌ സുഹൃത്ത്‌ ഇപ്പോള്‍ അയാളോട്‌ ചോദിച്ചിരിക്കണം അയാളുടെ മുറിയിലെ ചുവരില്‍ തൂക്കിയിരിക്കുന്ന കുഞ്ഞിന്റെ ചിത്രം, അത്‌ ഇനി തന്റെ ഉറക്കറയില്‍ ഭാര്യയുടെ മുഖത്തിനുനേരെ ചിരിക്കുവാനായി.തന്റെയും.

അനുബന്ധം:-

കഥാകൃത്ത്‌ കഥവിട്ട്‌ പോയ കാരണങ്ങളൂടെ ഏകദേശരൂപം വായനക്കാരന്‌ നിരൂപിക്കാന്‍ സാധിച്ചിരിക്കും.ഈ കഥ പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുശേഷം ആ കുട്ടിയുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്ന ഓരോ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ കഥാകൃത്ത്‌ ബാധ്യസ്ഥനാണ്‌, ഈ പൂര്‍ണ്ണത തേടി തന്നെയാവണം അദ്ദേഹം കഥവിട്ട്‌ പോയത്‌.

വാല്‍കഷ്ണം :-


ഒരു കഥാകൃത്തിന്റെ ഡയറിയില്‍ നിന്നും ചീന്തിയെറിഞ്ഞ താളുകളാണ്‌ ഇവിടെയാധാരം എന്നു എഴുത്തുകാരന്‍ സാക്ഷ്യയപ്പെടുത്തുന്നു.ഇനിയൊരു പക്ഷെ തന്റെ ഡയറിയിലെ കുറിപ്പുകള്‍ തുടര്‍ന്ന് എഴുതുവാന്‍, ഈ മിത്ത്‌ വായനക്കാരന്റെ അഭിപ്രായ ക്രോഡീകരണത്തിന്‌ വിട്ട്‌ മാറി നില്‍ക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു...ഇത്തരമൊരു സാഹചര്യത്തില്‍ സത്യവിചാരണയ്ക്കായി നമുക്ക്‌ എഴുത്തുകാരനോട്‌ തന്നെ ചോദിച്ചാലോ.... ഇനി ഒരു പക്ഷെ അദ്ദേഹത്തിന്റെ ഉത്തരം ഇതാകുമോ?..

"പറയാനിരിക്കുന്നതാണ്‌ കഥ".
എം.എച്ച്‌.സഹീര്‍.

Sunday, January 07, 2007

സ്നേഹത്തിന്റെ ഭൂമിക

സ്നേഹത്തിന്റെ കാഴ്ചകള്‍ക്ക്‌ വര്‍ത്തമാനത്തിന്റെ ലോകത്തിനുമപ്പുറം ഹൃദയമൗനത്തിന്റെ വിശാലമായ ഒരു ഭൂമികയുണ്ട്‌.

മേഘങ്ങള്‍
മേഘങ്ങള്‍ നമ്മെ മേഹിപ്പിക്കുന്നു,പ്രണയം പോലെ ഭ്രമിപ്പിച്ച്‌ ,സാന്ത്വനം പേലെ തണല്‍ തന്ന്,പുഞ്ചിരിപ്പോലെ മഴ പൊഴിച്ച്‌ ഒടുക്കം മണല്‍ക്കാട്ടിലെ സുഹൃത്തിനെപ്പോലെ വിട്ടകന്ന്.
സ്നേഹം
ഹൃദയം ഹൃദയത്തോട്‌ സംവേതിക്കുബോള്‍ തോന്നുന്ന മിടിപ്പാണ്‌ യഥാര്‍ത്ഥ സ്നേഹം.

Sunday, December 17, 2006

ഞാനും എന്റെ കാഴ്ചയും

വാക്കുകള്‍ വരികള്‍ക്ക് മേലേയും, വരികള്‍ വര്‍ത്തമാനങ്ങള്‍ക്കു മേലേയും വേലികെട്ടുമ്പോഴാണ് നമുക്ക് അന്യോന്യം സംവേദിക്കാനുള്ള വിനിമയം നഷ്ടമാകുന്നത്‌....
ആ നഷ്ടം സംഭവിക്കുന്നിടത്ത്‌, നമുക്ക് നമ്മെ നഷ്ടപ്പെടുന്നു...
വരികള്‍ക്കിടയിലെ സ്നേഹം നമ്മില്‍ അറിവിന്റെ ജാലകപ്പെരുമയാവട്ടെ.....

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 to 2022 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.