Tuesday, February 06, 2007

അഭിപ്രായം നിങ്ങള്‍ക്കും പറയാം


കഥ
ആമുഖക്കുറിപ്പ്:-

പ്രിയപ്പെട്ടവരെ, ഒരു കഥാകൃത്തിന്റെ ഡയറിയില്‍ നിന്ന് നഷ്ടപ്പെട്ടതോ നഷ്ടപ്പെടുത്തിയതോ ആയ ഈ താളുകള്‍ തികച്ചും യാദൃശ്ചിമായിട്ടാണ്‌ എനിക്ക്‌ കിട്ടിയത്‌. ഇതിലെ വരികള്‍ കഥയായിട്ടോ അനുഭവകുറിപ്പായായോ വായിച്ചെടുക്കാം. യുക്തിഭദ്രത കാലത്തിനനുയോജ്യമാണോ എന്ന വിഷമഘട്ടത്തിലാവണം ഈ താളുകളെ ചീന്തിയെറിയാന്‍ കഥാകൃത്ത്‌ തുനിഞ്ഞത്‌. ഇത്തരം ഒരു സാഹചര്യത്തില്‍.... എന്റെ പ്രിയപ്പെട്ട വായനക്കാരാ....നിന്റെ മനസ്സില്‍ വായനക്കൊപ്പം വിശാലമായ ഒരു കാന്‍വാസ്‌ കൂടി തീര്‍ക്കേണ്ടി വരുന്നു.

കഥാബീജത്തിലേക്ക്‌:-

ഡിസംബറിലെ തണുപ്പുള്ള ഒരു രാത്രി. ക്രീക്കിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്‌ രണ്ടുപേര്‍ സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ക്കിടയിലെ ഗ്ലാസുകള്‍ നിറഞ്ഞും കുപ്പി പകുതി കാലിയുമായിരുന്നു. ദീര്‍ഘസംഭാഷണത്തിനൊടുവില്‍ നിശ്ശബ്ദതയില്‍ എത്തിയവര്‍.
ആ നേരം ഒരു കിലോമീറ്റര്‍ അപ്പുറത്തെ പതിനെട്ട്‌ നിലകളുള്ള റോയല്‍ ടവറിന്റെ പതിമൂന്നാം നമ്പറിലെ പട്ടുകിടക്കയില്‍ അവള്‍ കിടന്നു. ഉറങ്ങിപ്പോയിരിക്കണം, മണി പന്ത്രണ്ടു കഴിഞ്ഞിരുന്നു.ആ മുഖത്തിനുനേരെ കുഞ്ഞിന്റെ ചിരി. ഉറക്കത്തിലും ഉണര്‍വ്വിലും അവളുടെ മുഖത്തിനു നേരെ ചിരിക്കുവാനാണ്‌ അത്‌,അവിടെ തൂക്കിയിട്ടിട്ടുള്ളത്‌.

കാലുകള്‍ കുഴഞ്ഞ്‌,സ്യൂട്ട്കേസ്‌ എറിഞ്ഞ്‌,നെക്ക്‌ ടൈയും ഷൂലേസും അഴിച്ച്‌ അയാള്‍ വീണു, അവള്‍ക്കരുകില്‍.മസ്തിഷ്ക്കത്തിലെ പിരിമുറുക്കം വിട്ടകന്നപ്പോള്‍ അവളോട്‌ പറയുകയായിരുന്നു
ആ തണുത്ത രാത്രിയില്‍ സുഹൃത്തിനോട്‌ പകര്‍ന്ന വിവരം. മറുപടി ഉള്ളിലെ വെറുപ്പില്‍ ദഹിപ്പിച്ച നോട്ടമായിരുന്നു. സ്നേഹ- നിര്‍ബ്ബദ്ധത്തിനൊടുവില്‍ കുഞ്ഞിന്റെ ചിരിയുടെ ലാളിത്യത്തിലേക്ക്‌ അവളുടെ പാതിയടഞ്ഞ സമ്മതത്തിന്റെ വാതില്‍പാളി. ഭിത്തിയില്‍ പതിച്ചിരുന്ന കുഞ്ഞിന്റെ ചിരിതൂകിയ ഫോട്ടോയിലേക്ക്‌ അയാള്‍ നിസ്സഹായതയോടെ നോക്കി. ആര്‍ക്ക്‌ മുന്നിലും തുറന്നു പറയാന്‍ കഴിയാത്ത വേവലാതിക്കുള്ളില്‍ അയാളും സുഹൃത്തും കുരുങ്ങി വലിഞ്ഞു. ഒടുവില്‍ മൗനത്തിന്റെ സമ്മതത്താല്‍ പിരിഞ്ഞ രാത്രി.
അയാള്‍ മനസ്സിനെ യാഥാര്‍ത്ഥ്യത്തിന്റെ പകലിലേക്ക്‌ പിഴുതുനട്ടു.

സുഹൃത്തു വന്നു. അയാള്‍ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴെ തിരക്കിലേക്ക്‌ നോക്കി നിന്നു. കാഴ്ചകള്‍ മറച്ചുകൊണ്ട്‌ മണല്‍ക്കാറ്റ്‌ വീശി, ഒന്നു നോക്കാതെ, യാത്രപോലും പറയാതെ സുഹൃത്ത്‌ മടങ്ങി. അയാള്‍ മനസ്സിന്റെ ഭയങ്ങള്‍ക്ക്‌ മേലെ അവളെ ചേര്‍ത്തണച്ചു. സുഹൃത്തിന്റെ ചുണ്ടിലെ എരിഞ്ഞണഞ്ഞ സിഗററ്റിന്റെ ഗന്ധം അവളുടെ ഉഛ്വാസങ്ങിലൂടെ അയാളറിഞ്ഞു. ആ നിശ്വാസം അയാളില്‍ ആശ്വാസമായും ഹൃദയം തകര്‍ന്ന വേദനയായും നിറഞ്ഞു. അതുമറച്ച്‌, അവളുടെ വിയര്‍പ്പും കണ്ണീരുമൊപ്പി.

വീണ്ടും ഡോക്ടര്‍.റിസല്‍ട്ട്‌.സന്തോഷം. അയാള്‍ താരാട്ടു പാട്ടുകള്‍ കാണാതെ പഠിച്ചു. അവള്‍ കുഞ്ഞുടുപ്പുകള്‍ തയ്ച്ചു ആഹ്ലാദം നിറച്ചു. വര്‍ഷാവസാനം, പിറവി അയാള്‍ സുഹൃത്തിനോടൊപ്പം ആഘോഷിക്കുകയായിരുന്നു. സുഹൃത്ത്‌ നിശബ്ദനായിരുന്നില്ല. കണ്ണുകള്‍ നിറഞ്ഞ്‌ ഏങ്ങലോടെ... ഗ്ലാസ്‌ താഴെ വീണു ചിതറി. സുഹൃത്തിന്റെ ഭാര്യ ടെസ്റ്റ്‌ റിസല്‍റ്റിലെ ചുവന്ന അക്ഷരങ്ങള്‍ക്ക്‌ മേലെ ഒറ്റപ്പെട്ട്‌ നിന്നു. കുപ്പി വായിലേക്ക്‌ കമഴ്ത്തി മനസ്സിനെ ലഹരിയില്‍ അടക്കി പിടിച്ച്‌ സുഹൃത്ത്‌ ഇപ്പോള്‍ അയാളോട്‌ ചോദിച്ചിരിക്കണം അയാളുടെ മുറിയിലെ ചുവരില്‍ തൂക്കിയിരിക്കുന്ന കുഞ്ഞിന്റെ ചിത്രം, അത്‌ ഇനി തന്റെ ഉറക്കറയില്‍ ഭാര്യയുടെ മുഖത്തിനുനേരെ ചിരിക്കുവാനായി.തന്റെയും.

അനുബന്ധം:-

കഥാകൃത്ത്‌ കഥവിട്ട്‌ പോയ കാരണങ്ങളൂടെ ഏകദേശരൂപം വായനക്കാരന്‌ നിരൂപിക്കാന്‍ സാധിച്ചിരിക്കും.ഈ കഥ പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുശേഷം ആ കുട്ടിയുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്ന ഓരോ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ കഥാകൃത്ത്‌ ബാധ്യസ്ഥനാണ്‌, ഈ പൂര്‍ണ്ണത തേടി തന്നെയാവണം അദ്ദേഹം കഥവിട്ട്‌ പോയത്‌.

വാല്‍കഷ്ണം :-


ഒരു കഥാകൃത്തിന്റെ ഡയറിയില്‍ നിന്നും ചീന്തിയെറിഞ്ഞ താളുകളാണ്‌ ഇവിടെയാധാരം എന്നു എഴുത്തുകാരന്‍ സാക്ഷ്യയപ്പെടുത്തുന്നു.ഇനിയൊരു പക്ഷെ തന്റെ ഡയറിയിലെ കുറിപ്പുകള്‍ തുടര്‍ന്ന് എഴുതുവാന്‍, ഈ മിത്ത്‌ വായനക്കാരന്റെ അഭിപ്രായ ക്രോഡീകരണത്തിന്‌ വിട്ട്‌ മാറി നില്‍ക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു...ഇത്തരമൊരു സാഹചര്യത്തില്‍ സത്യവിചാരണയ്ക്കായി നമുക്ക്‌ എഴുത്തുകാരനോട്‌ തന്നെ ചോദിച്ചാലോ.... ഇനി ഒരു പക്ഷെ അദ്ദേഹത്തിന്റെ ഉത്തരം ഇതാകുമോ?..

"പറയാനിരിക്കുന്നതാണ്‌ കഥ".
എം.എച്ച്‌.സഹീര്‍.

10 comments:

  1. This comment has been removed by the author.

    ReplyDelete
  2. Anonymous3:44 PM

    പ്രിയ സഹീര്‍, കവിതയിലൂടെ ഞാന്‍ സഹീറുമായി നിത്യസമ്പര്‍ക്കത്തിലായിരുന്നു.ഏതായാലും കുറച്ചുകൂടി ലളിതമാക്കാന്‍ ഇനിയങ്ങോട്ട് ശ്രമിക്കണം എന്നൊരു അഭ്യര്‍ഥനയുണ്ട്..സഹീറിന് നല്ല ഭാഷയും ക്രാഫ്റ്റുമുണ്ട്..തുടര്‍ന്നു എഴുതുക..

    ReplyDelete
  3. പ്രിയ സഹീര്‍,
    കവിതയോളം ഭംഗിയില്ലീ കഥയ്ക്ക്.
    ഗദ്യത്തിന്റെ സുഖദമായ ഒഴുക്ക് നിലച്ച് പോകുന്നു.
    ശൈലിയിലെ പുതുമയ്ക്ക് അര്‍ഹമായ കാമ്പ് കഥയിലെ ഭാഷയ്ക്ക് നല്‍കാനും കഴിയുന്നില്ല.
    (ഒരു തിരുത്തായി കാണേണ്ട, അനുവാചക കുറിപ്പ് മാത്രം )

    ReplyDelete
  4. സ്വന്തമെന്നു പറയുവാന്‍ സ്വന്തമല്ലത്ത കുഞ്ഞിനെ സ്വന്തം കഥയിലെ നായകനു നല്‍കാനുള്ള ധൈര്യം എങ്ങിനെ കിട്ടി?
    പക്ഷെ ചില സത്യങ്ങള്‍ സത്യങ്ങളായ് ത്തന്നെ അവശേഷിക്കും

    ReplyDelete
  5. പ്രിയമുള്ള സഹീര്‍, താങ്കളുടെ കഥയില്‍ എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ടെങ്കിലും അത്‌ വ്യക്തമായും വെളിയിലെത്തിയില്ല, ഒഴുക്ക്‌ മുറിഞ്ഞുപോയോ ഇടയ്‌ക്കെവിടേയോ? താങ്കളുടെ കവിതകള്‍ രസകരമെങ്കിലും അതിവിടെ അനുഭവപ്പെടുന്നില്ല.

    :))
    ഇനിയും കഥകളും കവിതകളും കാത്തിരിക്കട്ടെ..

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ഡിസംബറിലെ തണുപ്പ്പ്പുള്ള ഒരു രാത്രി. ക്രീക്കിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്‌ രണ്ടുപേര്‍ സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ക്കിടയിലെ ഗ്ലാസുകള്‍ നിറഞ്ഞും കുപ്പി പകുതി കാലിയുമായിരുന്നു. ദീര്‍ഘസംഭാഷണത്തിനൊടുവില്‍ നിശ്ശബ്ദതയില്‍ എത്തിയവര്‍.ആ നേരം ഒരു കിലോമീറ്റര്‍ അപ്പുറത്തെ പതിനെട്ട്‌ നിലകളുള്ള റോയല്‍ ടവറിന്റെ പതിമൂന്നാം നമ്പറിലെ പട്ടുകിടക്കയില്‍ അവള്‍ കിടന്നു. ഉറങ്ങിപ്പോയിരിക്കണം, മണി പന്ത്രണ്ടു കഴിഞ്ഞിരുന്നു.

    ReplyDelete
  8. നമസ്കാരം സഹീര്‍..

    ‘ സഹീറിയന്‍ കാഴ്ച്ചകള്‍ ’കാണാന്‍ അവസരം കിട്ടിയതില്‍ വളരെ സന്തോഷം.
    കണ്ടു തുടങ്ങിയതേയുള്ളു.എല്ലാമൊന്നു ഓടിച്ച് നോക്കണം.

    സഹീറിന്റെ കഥനടക്കുന്നതു അങ്ങ് ‘ക്രീറ്റ്’എന്ന രാജ്യത്താണ്‍.ഞങ്ങള്‍ ,കഥ വായിക്കുന്നതാകട്ടെ അത്രയ്ക്കൊന്നും പുരോഗമിക്കാത്ത-വല്ലപ്പൊഴും സ്വസഹോദരിയേയൊ സ്വപുത്രിയെത്തന്നെയൊ മൃഗാന്ധന്മാരായി പീഡിപ്പിക്കുന്ന ഗ്രാമീണ കേരളത്തിലാണ്‍! “ദൈവത്തിന്റെ...വെറുക്കപ്പെട്ട നാട്ടിലാണ്‍!”‍

    അതുകൊണ്ട് ഈ കഥകേട്ട് ഞങ്ങള്‍ തലകുമ്പിട്ടില്ല,ഞെട്ടിയില്ല.അതിന്‍ മറ്റൊരുകാരണം കൂടിയുണ്ട്-
    കഥയിലെ ‘പരിണാമഗുപ്തി’ സംരക്ഷിക്കപ്പെട്ടില്ല!
    ‘ചുവരിലെ കുട്ടിയുടെ ചിത്രം’ അതിലേയ്ക്ക് വിരല്‍ ചൂണ്ടുന്നുണ്ട്!

    ഇത്തരത്തില്‍ ,കഥാ രചനയില്‍ ചില പരീക്ഷണങ്ങള്‍ നടത്തുന്നത് മുമ്പും കണ്ടിട്ടുണ്ടെങ്കിലും, സഹീറിന്റെ കഥ പ്രോത്സാഹനമര്‍ഹിച്ച് ഒന്നു വേറിട്ടുനില്‍ക്കുന്നു!

    ഇനി,ഭാഷാപരമായും ചില അക്ഷരപ്പിശകുകള്‍ കഥയില്‍ അങ്ങിങ്ങു കണ്ടു!അവയൊക്കെ നീക്കി ,മെച്ചപ്പെടുത്തുമെന്നും കരുതട്ടെ.

    സ്നേഹാശംസകളോടെ..
    ജോണ്‍സണ്‍ മുല്ലശ്ശേരി.

    ReplyDelete
  9. അയാള്‍ മനസ്സിനെ യാഥാര്‍ത്ഥ്യത്തിന്റെ പകലിലേക്ക്‌ പിഴുതുനട്ടു.

    സുഹൃത്തു വന്നു. അയാള്‍ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴെ തിരക്കിലേക്ക്‌ നോക്കി നിന്നു.

    യാത്രപോലും പറയാതെ സുഹൃത്ത്‌ മടങ്ങി.അയാള്‍ അവളെ ചേര്‍ത്തണച്ചു, സുഹൃത്തിന്റെ ചുണ്ടിലെ എരിഞ്ഞണഞ്ഞ സിഗററ്റിന്റെ ഗന്ധം അവളുടെ ഉഛ്വാസങ്ങിലൂടെ അയാളറിഞ്ഞു. ആ നിശ്വാസം അയാളില്‍ ആശ്വാസമായും ഹൃദയം തകര്‍ന്ന വേദനയായും നിറഞ്ഞു.അതുമറച്ച്‌,അവളുടെ വിയര്‍പ്പും കണ്ണീരുമൊപ്പി.

    ReplyDelete
  10. സഹീര്‍ വളരെ നല്ല തീം. ഒന്നുകൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമാക്കാമായിരുന്നു. ആശംസകള്‍

    ReplyDelete

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 to 2022 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.